karuna-estate-pobs-group

തിരുവനന്തപുരം: കരുണ എസ്റ്റേറ്റ് പോബ്‌സ് ഗ്രൂപ്പിന് 2014ല്‍ ഭൂമി പോക്കുവരവ് ചെയ്തുകിട്ടുന്നതിന് വഴിയൊരുക്കിയത് ഏഴ് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണെന്ന് ലാന്‍ഡ് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ പോക്കുവരവിനെത്തുടര്‍ന്ന് കരം സ്വീകരിക്കുന്നതിന് ചിറ്റൂര്‍ അഡീഷനല്‍ തഹസില്‍ദാര്‍ ഉത്തരവ് നല്‍കിയത് നിയമസഭയില്‍ അന്ന് പ്രതിഷേധത്തിന് കാരണമായി. ഇത് കരമൊടുക്കാനുള്ള 2014ലെ പോബ്‌സിന്റെ നീക്കത്തിനും തിരിച്ചടിയാവുകയായിരുന്നു.

അഡീഷനല്‍ തഹസില്‍ദാര്‍ മുതല്‍ സര്‍വേയര്‍ വരെയുള്ളവര്‍ പോക്കുവരവിന് അനുകൂലമായ നിലപാടെടുത്തു. ഇതില്‍ ഒരാള്‍ക്കും പോബ്‌സ് ഗ്രൂപ്പിന് ഭൂമിയില്‍ അവകാശം ഉറപ്പിക്കുന്നതിന്റെ ആധാരരേഖ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. പോബ്‌സ് മാനേജിങ് ഡയറക്ടര്‍ കലക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍നിന്നായിരുന്നു നടപടികളുടെ തുടക്കം. രേഖകളനുസരിച്ച് 1963ലെ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കേണ്ട ഭൂമിയാണെന്ന് വ്യക്തമായിരുന്നെങ്കിലും പരിശോധന ആ വഴിക്കല്ല നടന്നത്. മറ്റ് സീലിങ് കേസുകളുടെ സാധ്യത പരിശോധിക്കാതെയാണ് പോക്കുവരവ് നടത്താന്‍ അനുമതി നല്‍കിയതും.

രണ്ടാഴ്ചക്കകം തീര്‍പ്പ് കല്‍പിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 2014 മേയ് 28ന് ഉത്തരവ് പുറപ്പെടുവിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കി. പോബ്‌സിന്റെ ബി.ടി.ആര്‍ (അടിസ്ഥാന നികുതി രജിസ്റ്റര്‍) തുടങ്ങിയ വില്‌ളേജ് രേഖകളില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. വില്‌ളേജ് ഓഫിസറാണ് റെക്കോഡുകളില്‍ മാറ്റം വരുത്തേണ്ടതെങ്കിലും പോബ്‌സിന്റെ കാര്യത്തില്‍ അതല്ല ഉണ്ടായത്. ഇതെല്ലാം ലാന്‍ഡ് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ മൊഴികളായി രേഖപ്പെടുത്തിയിട്ടുമുണ്ട്. തെറ്റായ നടപടി കൈക്കൊണ്ട സര്‍വേ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.

Top