കൊച്ചി: ശാസ്താംകോട്ടക്കും കരുനാഗപ്പള്ളിക്കും ഇടയില്‍ മാരാരിത്തോട്ടത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ ഇന്നും വൈകിയോടുന്നു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയി. രാവിലെ ആറു മണിക്ക് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (ആലപ്പുഴ വഴി) 7.45നാണ് പുറപ്പെട്ടത്. അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (കോട്ടയം വഴി) 8.30നായിരിക്കും പുറപ്പെടുന്നതെന്നും സതേണ്‍ റെയില്‍വേ അറിയിച്ചു. കൂടാതെ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.
തിങ്കളാഴ്ച രാത്രിയാണ് മാരാരിത്തോട്ടത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത്. രാസവളം കയറ്റി തമിഴ്‌നാട് മീളവട്ടത്തുനിന്ന് കോട്ടയത്തേക്കു പോവുകയായിരുന്നു ട്രെയിനിന്റെ 21 വാഗണുകളില്‍ മധ്യഭാഗത്തെ എട്ടാമത്തേതു മുതല്‍ ഒമ്പതെണ്ണമാണ് പാളം തെറ്റിയത്. അഞ്ച് വാഗണുകള്‍ സമീപത്തെ വീട്ടുവളപ്പിലേക്ക് തെറിച്ചുവീണു. 300 മീറ്റര്‍ ഭാഗത്തെ പാളം പൂര്‍ണമായി തകര്‍ന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് റെയില്‍വെ ട്രാക്ക് പുനഃസ്ഥാപിച്ച് അര്‍ദ്ധ രാത്രിയോടെ ട്രയല്‍ റണ്‍ നടത്തിയത്.
അപകടത്തില്‍ ഇലക്ട്രിക് ലൈനുകളും പോസ്റ്റുകളും പൂര്‍ണമായും തകര്‍ന്നിരുന്നു. താത്കാലിക ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡീസല്‍ ട്രെയിന്‍ ഇറക്കിയാണ് ട്രയല്‍ റണ്‍ നടത്തിയതും. അപകടത്തെ തുടര്‍ന്ന് കൊല്ലത്തിനും കായംകുളത്തിനും ഇടയില്‍ ഇപ്പോള്‍ ഒരു ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. തകര്‍ന്ന ട്രാക്കുകള്‍ ഇന്നു വൈകുന്നേരത്തോടെ മാത്രമെ പൂര്‍ണമായും സഞ്ചാരയോഗ്യമാകുകയുള്ളു.