കരുണാകരന്റെ രാജി ; എം.എം ഹസ്സന്റെ വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് പത്മജ

തിരുവനന്തപുരം: കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ചതില്‍ ദുഃഖമുണ്ടെന്ന കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്റെ വെളിപ്പെടുത്തലില്‍ മകളെന്ന നിലയില്‍ സന്തോഷമുണ്ടെന്ന് പത്മജ വേണുഗോപാല്‍.

തെറ്റ് ചെയ്യുന്നവര്‍ ഒരിക്കലും അക്കാര്യം തുറന്നു പറയാന്‍ തയാറാകില്ലെന്നും, എന്നാല്‍ ഹസ്സന്റെ പ്രസ്താവനയെ നന്മയായി കരുതുന്നുവെന്നും പത്മജ പറഞ്ഞു.

കരുണാകരനെ രാജിവെപ്പിച്ച സംഭവത്തിനു പിന്നില്‍ എന്തെല്ലാം നടന്നുവെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും, ഇപ്പോള്‍ ഒരു പോസ്റ്റ്‌മോര്‍ട്ടത്തിന് പോകേണ്ട കാര്യമില്ലെന്നും, കരുണാകരന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, അദ്ദേഹത്തിന്റെ ആത്മാവിനെങ്കിലും സന്തോഷമുണ്ടാവട്ടെ എന്നും പത്മജ വ്യക്തമാക്കി.

നേരത്തെ, കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതിന് എ.കെ ആന്റണി എതിര്‍ത്തിരുന്നതായി കെ.പി.സി.സി.പ്രസിഡന്റ് എം എം എസ്സന്‍ വെളിപ്പെടുത്തിയിരുന്നു.

തന്നോടും, ഉമ്മന്‍ചാണ്ടിയോടും കരുണാകരനെ പുറത്താക്കരുതെന്ന് ആന്റണി ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ. കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാകുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആന്റണിയുടെ ഉപദേശം കേള്‍ക്കാത്തതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ട്, ആന്റണിയുടെ മുന്നറിയിപ്പ് ശരിയായിരുന്നെന്നും ഹസന്‍ വ്യക്തമാക്കി.

കരുണാകരനെ രാജിവയ്പ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതില്‍ കുറ്റബോധമുണ്ടെന്നും ഹസന്‍ പറഞ്ഞു.

Top