കലൈജ്ഞര്‍ക്ക് അന്ത്യവിശ്രമം മറീന ബീച്ചില്‍ തന്നെ; സര്‍ക്കാറിനെ വെട്ടിലാക്കി കോടതി ഉത്തരവ്

ചെന്നൈ: ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന് കോടതി ഉത്തരവ്. കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന സര്‍ക്കാരിന്റെ വാദമാണ് പൊളിഞ്ഞത്‌.

സംസ്‌കാരം മറീനാ ബീച്ചില്‍ നടത്തുന്നതിനെതിരായ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കക്ഷികള്‍ പിന്‍വലിച്ചിരുന്നു. ഹര്‍ജികള്‍ പിന്‍വലിച്ചതോടെയാണ് വിധി ഡിഎംകെയ്ക്ക് അനുകൂലമായത്. കരുണാനിധിക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രത്തിന്
സ്ഥലം അനുവദിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹര്‍ജിക്കാരിലൊരാളായ ട്രാഫിക് രാമസ്വാമിയും കോടതിയെ അറിയിച്ചിരുന്നു.

മറീനാ ബീച്ചില്‍ രാഷ്ട്രീയ നേതാക്കളെ സംസ്‌ക്കാരിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിനെതിരെ ആറ് ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയിരുന്നത്. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്ക് മാത്രമാണ് മറീനാ ബീച്ചില്‍ സംസ്‌കാരത്തിനായി സ്ഥലം അനുവദിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നത്.

കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാതിരുന്ന സര്‍ക്കാര്‍ നടപടി തമിഴകത്ത് വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എം.ജി രാമചന്ദ്രനും, ജയലളിതയും എല്ലാം അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചില്‍ കരുണാനിധിയുടെ സംസ്‌ക്കാരത്തിന് സ്ഥലം അനുവദിക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കരുണാനിധിയുടെ കുടുംബവും.

ഡി.എം.കെ പ്രവര്‍ത്തകരുടെ പ്രതിഷേധം അതിരു വിട്ടാല്‍ എന്തും സംഭവിക്കുമെന്നതിനാല്‍ സുരക്ഷാ സേനകള്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തമിഴകത്തെ വിവിധ ഭാഗങ്ങളില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു.

മരിച്ചാലും കരുണാനിധിയോടുള്ള രാഷ്ട്രീയ പക തീരില്ലേയെന്ന് ചോദിച്ചാണ് ഡി.എം.കെ പ്രവര്‍ത്തകര്‍ പൊട്ടിത്തെറിച്ചത്. കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ നടത്തണമെന്ന്‌ ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതിനിടെ അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാജ്ഞലി അര്‍പ്പിച്ചു. ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന ചെന്നൈയിലെ രാജാജി ഹാളിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരമര്‍പ്പിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മക്കളായ സ്റ്റാലിനെയും കനിമൊഴിയെയും ആശ്വസിപ്പിച്ച പ്രധാനമന്ത്രി ബന്ധുക്കളുമായും പാര്‍ട്ടി നേതാക്കളുമായും സംസാരിക്കുകയും ചെയ്തു.

Top