അച്ഛന്റെ യഥാര്‍ഥ അണികള്‍ തനിക്കാണ് പിന്തുണ നല്‍കുന്നതെന്ന് അഴഗിരി

ചെന്നൈ: കരുണാനിധിയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടി നേതൃസ്ഥാനത്തിന് വേണ്ടി കലാപമുണ്ടാകുമെന്ന് വ്യക്തമായ സൂചന നല്‍കി എം.കെ സ്റ്റാലിന്റെ ജേഷ്ഠസഹോദരന്‍ എം.കെ അഴഗിരി രംഗത്തെത്തി.

കരുണാനിധിയുടെ ഇളയ മകന്‍ സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് അറിയിച്ചതോടെ ഇതിനെ വെല്ലുവിളിച്ച് എത്തിയിരിക്കുകയാണ് മൂത്തമകന്‍ അഴഗിരി. അച്ഛന്റെ യഥാര്‍ഥ അണികള്‍ തനിക്കാണ് പിന്തുണ നല്‍കുന്നതെന്നും കാലം എല്ലാത്തിനും കൃത്യമായ മറുപടി നല്‍കുമെന്നും മറ്റു കാര്യങ്ങളെല്ലാം പിന്നീട് അറിയിക്കുമെന്നും അഴഗിരി പറഞ്ഞു.

സ്റ്റാലിനെതിരെ നിരവധി തവണ രംഗത്തെത്തിയ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. അതേസമയം, സ്റ്റാലിന്റെ സ്ഥാനാരോഹണം സംബന്ധിച്ച പ്രഖ്യാപനം ജനറല്‍ കൗണ്‍സിലില്‍ ഉടന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് 2014 ജനുവരിയിലാണ് ഡി.എം.കെ.യുടെ സൗത്ത് സോണ്‍ ഓര്‍ഗനൈസേഷണല്‍ സെക്രട്ടറിയായിരുന്ന അഴഗിരിയെ ഡി.എം.കെ.യില്‍നിന്ന് പുറത്താക്കിയത്. കരുണാനിധിക്ക് ദയാലു അമ്മാളിലുണ്ടായ മൂത്തമകനായ അഴഗിരി ഡി.എം.കെ.യുടെ മധുരയിലെ കരുത്തുറ്റ മുഖമായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ എന്നും സ്റ്റാലിന്റെ പിന്‍നിരയിലായിരുന്നു അഴകിരിയുടെ സ്ഥാനം. കരുണാനിധിയുടെ മരണശേഷം സ്റ്റാലിനെ അധ്യക്ഷനായി നിയോഗിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലുണ്ടായ അവകാശവാദം എന്തായാലും ഡി. എം. കെ യില്‍ പൊട്ടിതെറികള്‍ക്ക് വഴിവെയ്ക്കുമെന്നതില്‍ സംശയമില്ല.

Top