ന്യൂഡല്‍ഹി: വിജയകാന്തിന്റെ ഡി.എം.ഡി.കെയുമായുള്ള സഖ്യം സംബന്ധിച്ച് താന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ഡി.എം.കെ നേതാവ് എം.കരുണാനിധി. ഡി.എം.ഡി.കെയുമായി ചര്‍ച്ച നടത്തി വരുകയാണെന്ന് കരുണാനിധി വ്യക്തമാക്കി. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കരുണാനിധി.
മുതിര്‍ന്ന നേതാക്കളായ എം.കെ.സ്റ്റാലിന്‍, എസ്.ദുരൈമുരുഗന്‍, എം.കെ കനിമൊഴി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സഖ്യരൂപീകരണം സംബന്ധിച്ച് പോലും തീരുമാനമാവാത്ത സാഹചര്യത്തില്‍ സീറ്റ് വിഭജനത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കരുണാനിധി പറഞ്ഞു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഉടന്‍ പുറത്തിറക്കുമെന്നും കരുണാനിധി വ്യക്തമാക്കി. നിലവില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും മാത്രമാണ് ഡി.എം.കെ സഖ്യത്തിലുള്ളത്.