ചെന്നൈ: ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ഹര്‍ജിയില്‍ രാവിലെ വാദം ആരംഭിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചില്‍ രാവിലെ വാദം തുടരും.
നേരത്തെ, ഡിഎംകെയുടെ വാദത്തിന് മറുപടി നല്‍കുന്നതിനു തമിഴ്‌നാട് സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു.
കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എം.ജി രാമചന്ദ്രനും, ജയലളിതയും എല്ലാം അന്ത്യവിശ്രമംകൊള്ളുന്ന മറീന ബീച്ചില്‍ കരുണാനിധിയുടെ സംസ്‌ക്കാരത്തിന് സ്ഥലം അനുവദിക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കരുണാനിധിയുടെ കുടുംബവും.
ഡി.എം.കെ പ്രവര്‍ത്തകരുടെ പ്രതിഷേധം അതിരുവിട്ടാല്‍ എന്തും സംഭവിക്കുമെന്നതിനാല്‍ സുരക്ഷാ സേനകള്‍ അതീവ ജാഗ്രതയിലാണ്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കാവേരി ആശുപത്രിക്കു മുന്നില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു.
മരിച്ചാലും കരുണാനിധിയോടുള്ള രാഷ്ട്രീയ പക തീരില്ലേയെന്ന് ചോദിച്ച് ഡി.എം.കെ പ്രവര്‍ത്തകര്‍ പൊട്ടിത്തെറിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ഇന്ന് ചെന്നൈയിലെത്തും.
കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.