സുരക്ഷാ പ്രശ്‌നം; തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തി

ksrtc

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്നത്തെ തമിഴ്‌നാട് വഴിയുള്ള രാത്രികാല സര്‍വ്വീസുകളടക്കമാണ് നിര്‍ത്തിവെച്ചത്.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകളാണ് കരുണാനിധിയുടെ മരണവാര്‍ത്ത പുറത്തെത്തിയ ഉടന്‍ നിര്‍ത്തിവെച്ചത്. സര്‍വ്വീസുകള്‍ ഇന്നും നടത്തില്ല. സുരക്ഷയുറപ്പാക്കിയ ശേഷം മാത്രമായിരിക്കും ബസുകള്‍ സര്‍വ്വീസ് നടത്തുകയുള്ളൂവെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

തിരുവനന്തപുരം-നാഗര്‍കോവില്‍, കുമളിക-കമ്പം, തൃശൂര്‍-പൊള്ളാച്ചി, പാലക്കാട്-കോയമ്പത്തൂര്‍, ബത്തേരി-ഗൂഡല്ലൂര്‍, തൃശൂര്‍-നാടുകാണിദേവാല വഴി ബത്തേരി, കല്‍പ്പറ്റ, മൂന്നാര്‍-തേനി തുടങ്ങിയവയാണ് നിര്‍ത്തിവെച്ചവയില്‍ പ്രമുഖ ചെയിന്‍ സര്‍വ്വീസുകള്‍. ഇതോടൊപ്പം ചങ്ങനാശേരി-വേളാങ്കണ്ണി, കൊട്ടാരക്കര-പഴനി, കണ്ണൂര്‍-മധുര, ബത്തേരി-ഊട്ടി തുടങ്ങിയവയാണ് നിര്‍ത്തിവെച്ചവയില്‍ പ്രധാനപ്പെട്ട സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍. സേലം വഴി ബംഗളുരുവിലേക്കുള്ള സ്‌കാനിയ സര്‍വ്വീസും നിര്‍ത്തിവെച്ചു. അതേസമയം മൈസൂര്‍ വഴിയുള്ള ബംഗളൂര്‍ സര്‍വ്വീസുകള്‍ക്ക് മുടക്കമില്ല. കര്‍ണാടക ആര്‍ടിസിയുടെ തമിഴ്‌നാട് വഴിയുള്ള ബസുകളില്‍ കേരളത്തിലെ അതാത് ഡിപ്പോകളില്‍ വിശ്രമം തുടരുന്നതാണ്.

Top