കരുണാനിധിയുടെ സംസ്‌കാര ചടങ്ങ് ; തിക്കിലും തിരക്കിലും പെട്ട് മരിച്ചവര്‍ നാലായി

ചെന്നൈ : ദ്രാവിഡ രാഷ്ട്രീയത്തെ നിയന്ത്രിച്ച മുത്തുവേല്‍ കരുണാനിധിയുടെ സംസ്‌കാര ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി. പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരാണ് മരണമടഞ്ഞത്.

ബുധനാഴ്ച ഉച്ചയ്ക്ക് രാജാജി ഹാളിന് മുന്നില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ചതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തള്ളിക്കയറിയത് സ്ഥിതി വഷളാക്കി. തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നിലവില്‍ ചികിത്സയിലുള്ള 22 പേരില്‍ 2 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരില്‍ ഒരാളെ തിരിച്ചറിയാനുണ്ട്. ചെന്നൈയിലെ മറീനാ ബീച്ചിലാണ് കരുണാനിധിയുടെ ദൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്.

അണ്ണാ സമാധിക്ക് സമീപമാണു കരുണാനിധിയെയും അടക്കിയത്. മക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. മറീന ബീച്ചിലേക്കുള്ള വിലാപയാത്രയില്‍ പങ്കുചേരുന്നതിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് പെടാപ്പാടുപെട്ടു, ലാത്തിച്ചാര്‍ജും വേണ്ടിവന്നു. അര്‍ധരാത്രിയും പകലും നീണ്ടുനിന്ന പോരാട്ടത്തിലൂടെയാണ് മറീന ബീച്ചില്‍ കരുണാനിധിക്ക് അന്ത്യവിശ്രമത്തിനുള്ള അനുമതി ലഭിച്ചത്.

Top