ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മകനും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍. ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കരുണാനിധിയുടെ ആരോഗ്യനിലയെപ്പറ്റി അന്വേഷിച്ചു. ആരോഗ്യനില ഉടന്‍തന്നെ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു. കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് എം.കെ.സ്റ്റാലിനുമായും കനിമൊഴിയുമായും താന്‍ സംസാരിച്ചെന്നും, എല്ലാതരത്തിലുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് തന്റെ ട്വിറ്ററില്‍ മോദി വ്യക്തമാക്കിയിരുന്നു.
കരുണാനിധി പാര്‍ട്ടി തലവനായുള്ള അന്‍പതാം വാര്‍ഷികം 27ന് ആഘോഷിക്കാനിരിക്കെയാണു ഡിഎംകെ അണികളെ ആശങ്കയിലാക്കി അസുഖവാര്‍ത്ത വന്നത്. ഡിഎംകെ എംഎല്‍എമാരോടും നിര്‍വാഹകസമിതി അംഗങ്ങളോടും അടിയന്തരമായി ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയെ കഴിഞ്ഞ ദിവസം ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു.
‘വാര്‍ധക്യസഹജമായ ചില ബുദ്ധിമുട്ടുകളില്‍ കരുണാനിധിയുടെ ആരോഗ്യത്തില്‍ നേരിയ പ്രശ്നങ്ങളുണ്ട്. മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവില്‍ ചികിത്സ നല്‍കുന്നത്. 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഴ്സുമാരുടെയും മെഡിക്കല്‍ വിദഗ്ധരുടെയും ഒരു സംഘം കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടില്‍ ആശുപത്രിക്കു സമാനമായ ചികിത്സാസൗകര്യങ്ങള്‍ നല്‍കി വരുന്നുവെന്നുമാണ് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്. കരുണാനിധിയെ കാണുന്നതിനു സന്ദര്‍ശകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.