തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളെ തെളിവെടുപ്പിനായി ബാങ്കിലെത്തിച്ചു. ഒന്നാം പ്രതി സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. പ്രതി ജില്‍സിന്റെ ഭാര്യയുടെ സ്ഥാപനത്തിലും പോലീസ് പരിശോധന നടത്തി. കരുവന്നൂര്‍ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പണം തട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് ജില്‍സിന്റെ ഭാര്യയുടെ പേരില്‍ ഇരിങ്ങാലക്കുട നടവരമ്പില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റുണ്ട്. കരുവന്നൂര്‍ സഹകരണ സൂപ്പര്‍മാര്‍ക്കറ്റിന് സമാന്തരമായാണ് ഇതിന്റെ പ്രവര്‍ത്തനം. സഹകരണ ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് തട്ടിയെടുക്കുന്ന പണം, സാധനങ്ങള്‍ എന്നിവ സ്റ്റോക്കില്‍ കൃത്രിമം കാട്ടി ജില്‍സിന്റെ ഭാര്യയുടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തിച്ചുവെന്ന വിവരങ്ങളാണ് പോലീസ് ഇപ്പോള്‍ ശേഖരിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ജില്‍സിന്റെ ഭാര്യയുടെ സൂപ്പര്‍മാര്‍ക്കറ്റിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ജില്‍സിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കറും അന്വേഷണസംഘം ഇന്ന് പരിശോധിച്ചു. ബാങ്കിന്റെ മറ്റ് ശാഖകളിലടക്കം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.