കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പ് വായ്പ്പകൾ നൽകിയത് എ സി മൊയ്‌തീന്റെ നിർദേശപ്രകാരമെന്ന് ഇ ഡി വ്യക്തമാക്കി. അംഗങ്ങളല്ലാത്ത ബിനാമികൾക്ക് വായ്പ്പകൾ അനുവദിച്ചെന്ന് കണ്ടെത്തൽ. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകൾ ബാങ്കിൽ നടന്നു. ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു.
ബാങ്കിൽനിന്ന് 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടി.ആരുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന വിവരം ഇഡി പുറത്തുവിട്ടില്ല. 15 കോടി രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ ഇഡി സ്ഥിരികരിച്ചത്.
സിപിഐഎം നേതാക്കളുടെ ബെനാമി ഇടപാടുകാർ എന്ന ആരോപണം നേരിടുന്നവർക്ക് കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപയാണ്. മതിയായ ഈടില്ലാതെയാണ് ബാങ്കിൽ തുകകൾ അനുവദിച്ചത്. ഇത് കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം മുന്നോട്ട് പോകുന്നത്. നോട്ട് നിരോധന കാലത്ത് കരുവന്നൂർ ബാങ്കിൽനിന്ന് വൻ തുക മാറിയെടുത്തതും ഇഡി പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇഡി എസി മൊയ്തീന്റേതടക്കം ചില വീടുകളിലാണ് പരിശോധന നടത്തിയത്. പിപി കിരൺ, സിഎം റഹീം, പി സതീഷ് കുമാർ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന നടത്തിയത്. ഇതിൽ സതീഷ് കുമാർ കണ്ണൂർ സ്വദേശിയാണ്. കോലഴിയിൽ താമസക്കാരനാണ് ഇദ്ദേഹം. ബാഗ് നിർമാണ യൂണിറ്റിലായിരുന്നു ഇദ്ദേഹത്തിന്റെ ബിസിനസ് തുടക്കം. പിന്നീട് പണമിടപാടിലേക്ക് മാറി.
വായ്പ മുടങ്ങി ജപ്തിയിലായ വസ്തുക്കൾ തിരിച്ചെടുക്കാൻ ഉടമയ്ക്ക് വേണ്ടി പണം മുടക്കുകയും ഈ ആധാരം കരുവന്നൂർ ബാങ്കിൽ വളരെ ഉയർന്ന തുകയ്ക്ക് ഭൂ ഉടമയുടെ പേരിൽ തന്നെ പണയപ്പെടുത്തുന്നതുമാണ് സതീശന്റെ രീതി. നിലവിലുള്ള ഭൂമിയുടെ മതിപ്പു വിലയേക്കാൾ കൂടുതലായിരിക്കും കരുവന്നൂരിൽ നിന്നെടുക്കുന്ന തുക. ഇതിൽ വലിയൊരു ഭാഗം കമ്മീഷനായി ഇയാൾ കൈക്കലാക്കും. കുറെയേറെ ഇടപാടുകൾ ഇത്തരത്തിൽ സതീശൻ നടത്തിയെന്നാണ് ഇഡി കണ്ടെത്തൽ.