തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരണ്‍ പിടിയിലായി. ബാങ്കിലെ കമ്മീഷന്‍ ഏജന്റായിരുന്ന കിരണ്‍ കേസിനെത്തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നു. പാലക്കാട് കൊലങ്കോടു നിന്നാണ് ഇയാള്‍ പിടിയിലായത്. മാപ്രാണം സ്വദേശിയായ കിരണ്‍ ഉത്തരേന്ത്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസില്‍ ആറ് പ്രധാന പ്രതികളാണുള്ളത്. ഇതില്‍ അഞ്ചുപേരും നേരത്തെ പിടിയിലായിരുന്നു.
ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പില്‍ യാതൊരു പങ്കുമില്ലെന്ന വാദം ഉന്നയിച്ച് കിരണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. കമ്മീഷന്‍ ഏജന്റായ കിരണിന്റ അക്കൗണ്ടിലേക്ക് 46 വായ്പകളില്‍ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് കണ്ടെത്തല്‍. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.