കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; നിക്ഷേപകര്‍ക്ക് പ്രത്യേക പാക്കേജെന്ന് സഹകരണ മന്ത്രി

VNVASAVAN

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ നടപടി ആരംഭിച്ചുവെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍. നിക്ഷേപക ഗ്യാരന്റി സ്‌കീം പ്രകാരമുള്ള പാക്കേജ് ആണ് ആലോചിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പാക്കേജ് സംബന്ധിച്ച നടപടി തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പ്രൈമറി സംഘത്തില്‍ എന്തെങ്കിലും സാമ്പത്തിക പ്രശ്‌നം ഉണ്ടായാല്‍ അത് മറികടക്കാന്‍ മുമ്പ് ത്രീ ടെയര്‍ സംവിധാനം നിലനിന്നിരുന്നു. പ്രൈമറി സംഘങ്ങള്‍ക്ക് കേരള ബാങ്കിന്റെ അംഗീകാരം ഉണ്ട്. നിക്ഷേപക ഗ്യാരന്റി സ്‌കീം വഴി സഹായം മുമ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

കരുവന്നൂര്‍ ബാങ്കില്‍ 104.24 കോടിയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയ ഒരാളുപോലും ഇപ്പോള്‍ ബാങ്കിലില്ല. രേഖകള്‍ നശിപ്പിക്കാന്‍ ആരും ബാങ്കില്‍ കയറില്ല. ക്രമക്കേട് നടത്തിയവരുടെ വസ്തുവകകള്‍ കൈമാറാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചു.

 

Top