തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ 6 പ്രതികളായ റെജി അനില്‍ കുമാര്‍, കിരണ്‍, ബിജു, കരീം, ബിജോയ് എ കെ, ടി.ആര്‍ സുനില്‍ കുമാര്‍, സി കെ ജില്‍സ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളില്‍ വീടുകളിലാണ് പരിശോധന നടക്കുന്നത്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘത്തിന്റെ പരിശോധന. പ്രതികളാരും വീടുകളിലില്ല. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഉദ്യോഗസ്ഥര്‍ വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ്.
പ്രതികള്‍ സംസ്ഥാനത്തിന്റെ പലയിടത്തും നിക്ഷേപം നടത്തിയതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ രജിസ്ട്രര്‍ ചെയ്ത നാലു സ്വകാര്യ കമ്പനികളിലേക്കും അന്വേഷണം നീളുകയാണ്. പെസോ ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ്, സിസിഎം ട്രഡേഴ്‌സ് , മൂന്നാര്‍ ലക്‌സ് വേ ഹോട്ടല്‍സ്, തേക്കടി റിസോര്‍ട്ട് എന്നീ കമ്പനികളില്‍ പ്രതികള്‍ക്ക് പങ്കാളിത്തമുണ്ടെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. ഭൂമിയുടെയും നിക്ഷേപത്തിന്റെയും രേഖകള്‍ക്കായാണ് അന്വേഷണ സംഘം പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തുന്നത്.
അതിനിടെ കരുവന്നൂര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭരണസമിതിയംഗങ്ങളില്‍ നിന്നും അല്‍പ്പസമയത്തിനുള്ളില്‍ മൊഴിയെടുക്കും. തൃശൂരില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ നേരിട്ട് ഹാജരാവാന്‍ ഡയറക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം അംഗങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പുരോഗമിക്കുകയാണ്. എ.വിജയരാഘവന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. പ്രതികളായ പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയേക്കുമെന്നാണ് സൂചന.