കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ നടപടി തുടങ്ങി

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ നടപടി തുടങ്ങി. നടപടിയുടെ ഭാഗമായി അന്വേഷണ സംഘം രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തു നല്‍കി. പ്രതികളുടെയും ബന്ധുക്കളുടെയും എല്ലാ വസ്തു ഇടപാടുകളും പരിശോധിക്കും. ബിനാമികളെന്ന് സംശയിക്കുന്നവരുടെ പേരിലുള്ള വസ്തുക്കളുടെ വിവരങ്ങളും ശേഖരിക്കും. തട്ടിപ്പുപണം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്ക് വ്യാപകമായി ഉപയോഗിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അതിനിടെ വായ്പ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായി ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതി സുനില്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ ഒരാഴ്ച കസ്റ്റഡിയില്‍ നല്‍കണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡി അപേക്ഷ മൂന്ന് ദിവസത്തിന് ശേഷമാണ് പരിഗണിക്കുക.

Top