കൊച്ചി: വമ്പിച്ച കടബാധ്യതമൂലം ഐഎല്‍ ആന്‍ഡ് എഫ്എസ്‌ന്റെ സംസ്ഥാനത്തെ ആസ്തികള്‍ വില്‍പനയ്ക്ക്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് അടക്കമുളള ആസ്തികളാണ് വില്‍ക്കാന്‍ പോകുന്നത്. ഇത് സംബന്ധിച്ച് കമ്പനി താല്‍പര്യപത്രം ക്ഷണിച്ചു. പുതിയ തീരുമാനം പ്രതീക്ഷിച്ചില്ലെന്നും, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമെ സ്റ്റേഡിയം സമുച്ചയത്തിന്റെ കൈവശാവകാശം മറ്റൊരുകമ്പനിക്ക് നല്‍കാനാകൂയെന്നും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അജയ് പത്മനാഭന്‍ പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിനും സാഫ് ഫുട്‌ബോളിനും ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമാപനച്ചടങ്ങുകള്‍ക്കും വേദിയായിട്ടുള്ളതാണ് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്. കാര്യവട്ടം സ്റ്റേഡിയം ,അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുടെ കൈവശാവകാശത്തില്‍ നിന്നാണ് ഐ.എല്‍.ആന്‍ഡ് എഫ്.എസ് പിന്മാറാന്‍ തയാറെടുക്കുന്നത്. മുന്നൂറ്റിത്തൊണ്ണൂറുകോടിരൂപ ചെലവിട്ട് നിര്‍മിച്ച സ്റ്റേഡിയത്തോടൊപ്പം 490 കോടിരൂപയുടെ തിരുവനന്തപുരം നഗര റോഡ് വികസന പദ്ധതിയില്‍ നിന്നും കമ്പനി പിന്മാറുകയാണ്.
മാതൃകമ്പനിയായ ഐ.ടി.എല്‍.എലിന് 91,000 കോടിരൂപയുടെ കടം വീട്ടാനാണ് അനുബന്ധ കമ്പനികളുടെ ആസ്തികള്‍ വില്‍ക്കുന്നത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡ് എന്ന പ്രത്യേകോദ്ദേശ സംവിധാനത്തിന് കീഴിലാണ് സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ കൈവശാവകാശം മാറുന്നതിന് താല്‍പര്യ പത്രം ക്ഷണിച്ചത് സ്‌പോര്‍ട്‌സ് ഹബ്ബ് സി.ഒ.ഒ അജയ് പത്മനാഭന്‍ പറഞ്ഞു.
കാര്‍ണിവെല്‍ ഗ്രൂപ്പിന്റെ തീയറ്ററുകള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ , ജിംനേഷ്യം, അനില്‍കുംബ്ലെയുടെ ടെന്‍വിക് അക്കാദമി തുടങ്ങിയവ ഈ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവരുമായുള്ള കരാര്‍ വ്യവസ്ഥകള്‍ പാലിച്ച് സര്‍ക്കാരിന്റെ അനുമതിയും കൂടി നേടിയ ശേഷമേ ഇക്കാര്യം നടപ്പിലാക്കൂ.