Karzai backs Modi’s Balochistan remarks

ന്യൂഡല്‍ഹി:ബലൂചിസ്ഥാനില്‍ പാക് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി.

അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യയ്‌ക്കെതിരെയും പാക് അധികൃതര്‍ നിരന്തരം പ്രസ്താവനയിറക്കാറുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താനെ കുറിച്ച് പറയുന്നതെന്നും ഹമീദ് കര്‍സായി പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു കര്‍സായിയുടെ പ്രതികരണം.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഏതെങ്കിലും ഭാഗത്ത് ഇന്ത്യ ഒരു നിഴല്‍ യുദ്ധത്തിന് തയ്യാറാവുമെന്ന് താന്‍ കരുതുന്നില്ല. മേഖല നിഴല്‍ യുദ്ധത്തിലേക്ക് പോവുന്നത് ശരിയല്ലെന്നും കര്‍സായി പറഞ്ഞു.

ഇന്ത്യ എഴുപതാം സ്വാതന്ത്രദിനാഘോഷം നടത്തുന്ന വേളയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്ഥാന്‍, ഗില്‍ഗിത്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ തന്നെയും ഭാരത്തിലെ ജനങ്ങളെയും വിശ്വസിക്കുന്നുവെന്ന് തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. പ്രസംഗം ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് കര്‍സായി മോദിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. പ്രസംഗത്തിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ ബലൂചിസ്ഥാന്‍, പാക് അധിന കശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളിലെ നിരവധി പേര്‍ മോദിക്ക് പിന്തുണയുമായി എത്തിയിരുന്നു.

പാകിസ്ഥാന്റെ പിന്തുണയോടു കൂടിയുള്ള തീവ്രവാദത്താല്‍ ബലൂചിസ്ഥാന്‍ ഇന്ന് അങ്ങേയറ്റത്തുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിച്ച് വരികയാണെന്ന് കര്‍സായി പറഞ്ഞു.

ഇത് പുറം ലോകത്തെ അറിയിക്കാനും പ്രശ്‌നത്തിന് പരിഹാരം കാണാനും ഇവിടെയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിന് മോദിയുടെ പ്രസംഗം ഒരു കാരണമായെന്നും കര്‍സായി പറഞ്ഞു.

Top