തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയുടെ (കെഎഎസ്) മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ പിഎസ്‌സിയുടെ സെർവറിൽ നിന്നു നഷ്ടമായതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തിയ പകർപ്പുകളാണ് കാണാതായതെന്നാണു പുറത്തു വന്ന വാർത്തകൾ.
“കെഎഎസ് പരീക്ഷ എഴുതിയ ഉദ്യോഗാർഥികളെ മാത്രമല്ല, പൊതു സമൂഹത്തെയും ഉത്കണ്ഠയിലാക്കുന്നതാണ് ഈ വിവരം. പ്രത്യേകിച്ചു പിൻവാതിൽ നിയമനങ്ങളെക്കുറിച്ചും, പിഎസ്‌സി പരീക്ഷാ തട്ടിപ്പുകളെക്കുറിച്ചുമുള്ള ഭയം സമൂഹത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ.” ചെന്നിത്തല വ്യക്തമാക്കി.
കെഎഎസ് പരീക്ഷയുടെ മൂല്യനിർണയം സുതാര്യമായും കൃത്യമായും പക്ഷപാതരഹിതമായും നടക്കുന്നു എന്ന് ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.