മമ്മുട്ടിയെ ‘തൊട്ട’ വനിതാ സിനിമാക്കാരുടെ സംഘടനക്കും കിട്ടി ‘എട്ടിന്റെ കിടിലന്‍ പണി’

കൊച്ചി: മമ്മുട്ടിയുടെ കസബ – പാര്‍വതി വിവാദത്തില്‍ മമ്മുട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനം ഷെയര്‍ ചെയ്ത വുമണ്‍ ഇന്‍ സിനിമാ കളക്ടീവി(ഡബ്ല്യുസിസി)ക്ക്
സോഷ്യല്‍ മീഡിയയില്‍ നിന്നും ‘എട്ടിന്റെ പണി’.

ഡബ്ല്യുസിസിയുടെ പേജിന്റെ റേറ്റിംഗ് കുറച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതിഷേധിച്ചത്. അഞ്ചിന് മുകളില്‍ റേറ്റിംഗ് ഉണ്ടായിരുന്നു ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജ് മണിക്കൂറുകള്‍ കൊണ്ടാണ് 2.2 റേറ്റിംഗിലേക്ക് താണത്.

ഡെയ്‌ലിഒ എന്ന ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ വന്ന ലേഖനമാണ് ഡബ്ല്യുസിസി ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. ഇതേതുടര്‍ന്ന് ലേഖനത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തി. സംഭവം വിവാദമാകുമെന്ന് മനസിലാക്കിയ വനിതാ കൂട്ടായ്മ ലേഖനം പിന്‍വലിച്ചെങ്കിലും ആരാധകര്‍ പിന്നോട്ട് പോകാതെ ചുട്ട മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്.

Untitled-1-12

പുതുവത്സര ആശംസകള്‍ക്കൊപ്പമാണ് ലേഖനം ഷെയര്‍ ചെയ്തിരുന്നത്. മമ്മൂട്ടി പ്രായത്തിനൊത്ത വേഷങ്ങള്‍ ചെയ്യുന്നില്ല എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ട ലേഖനമായിരുന്നു ഡബ്ല്യുസിസി ഷെയര്‍ ചെയ്തത്. കസബ വിവാദത്തില്‍ സൈബര്‍ ആക്രമണങ്ങളടക്കം പാര്‍വതി നേരിട്ടിട്ടും മമ്മൂട്ടി വിഷയത്തില്‍ മൗനം തുടര്‍ന്നുവെന്നും ലേഖനം പറയുന്നു.

അതേസമയം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ വനിതാ കൂട്ടായ്മയില്‍ കടുത്ത ഭിന്നത രൂപപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കസബ വിവാദം ശക്തമായപ്പോഴും വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനം ഡബ്ല്യുസിസി ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരിക്കുന്നത്. ഡബ്ല്യുസിസിയുടെ നീക്കം സിനിമ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് വഴിവെച്ചിരിക്കുന്നത്.

കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ച നടി പാര്‍വതി നായികയായ ഏറ്റവും പുതിയ സിനിമയായ ‘മൈ സ്റ്റോറി ‘ യുടെ മേക്കിംഗ് വീഡിയോക്കെതിരെ ഡിസ്‌ലൈക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ് പുതിയ സംഭവവും അരങ്ങേറിയിരിക്കുന്നത്.

ഇതുവരെ എണ്ണായിരത്തോളം ലൈക്ക് മാത്രം ലഭിച്ചിരിക്കുന്ന മൈ സ്റ്റോറിയുടെ വീഡിയോക്ക് 79,000ത്തോളം ഡിസ്‌ലൈക്കാണ് ലഭിച്ചിരിക്കുന്നത്. ഡിസ് ലൈക്ക് ചെയ്യുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ വകുപ്പില്ലാത്തതിനാല്‍ പാര്‍വതി ക്യാംപ് അമ്പരന്ന് നില്‍ക്കുകയാണ്.

ഈ പുതിയ ‘പ്രതിഷേധ’ രീതി പാര്‍വതി നായികയാവുന്ന സിനിമകളെ കൂടി ബാധിച്ചാല്‍ നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും നായകന്റെയുമെല്ലാം ഭാവിയെ തന്നെ ബാധിക്കും. ഇതേ അവസ്ഥ തന്നെയാണിപ്പോള്‍ പാര്‍വതി ഉള്‍പ്പെട്ട വനിതാ സിനിമാ സംഘടനയ്ക്കും ലഭിക്കാനിരിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങളെ വെച്ച് സിനിമയെടുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഭയപ്പെടുമെന്നാണ് നിര്‍മാതാക്കള്‍ക്കിടയിലെ പ്രതികരണം.

Top