കാസര്‍ഗോഡ് : പെരിയയിലെ വിവാദ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയെറ്റ് അംഗമായ വി.പി.പി മുസ്തഫ.
അന്നത്തെ സാഹചര്യത്തില്‍ പ്രസംഗത്തിന് ന്യായീകരണമുണ്ടെങ്കിലും ഖേദം പ്രകടിപ്പിക്കുന്നു. പ്രസംഗം പാര്‍ട്ടിയുടെ മാറിവരുന്ന പ്രവര്‍ത്തന ശൈലിക്ക് വിരുദ്ധമാണെന്ന് തോന്നുന്നതായും വി.പി.പി മുസ്തഫ പറഞ്ഞു.
അതേസമയം മുസ്തഫയ്ക്കും കുടുംബത്തിനും എതിരെ പ്രകോപനപരമായി പ്രതികരിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ മുസ്തഫ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയവഴിയാണ് ഭീഷണിയും തെറിയും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിനു മുമ്പ് മുസ്തഫ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കോണ്‍ഗ്രസുകാരെ വെച്ചേക്കില്ല.ക്ഷമ നശിച്ചാല്‍ സിപിഐഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോയെന്ന് മുസ്തഫ പ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്.
ജനുവരി ഏഴിന് കല്യോട്ടെ സിപിഐഎം പരിപാടിയിലായിരുന്നു കൊലവിളി പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ സിപിഐഎം അനുഭാവികളുടെ ഫെയ്സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്.
‘പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഐഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും” മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞു.
കേസെടുത്താലും പ്രതികളെ പിടിച്ചില്ലെങ്കിലും സിപിഎമ്മിന്റെ രീതിയും സ്വഭാവവും ഇങ്ങനെയാക്കെയാണെന്ന് പറഞ്ഞു കൊടുക്കണമെന്നും ഞങ്ങള്‍ ഗാന്ധിയന്‍മാരല്ല. നിങ്ങളാണ് ഗാന്ധിയന്‍മാര്‍. ഈ ആക്രോശവും കോപ്രായയവുമെല്ലാം എന്തെിനുവേണ്ടിയാണെന്നും മുസ്തഫ പ്രസംഗത്തില്‍ ചോദിച്ചു .
പ്രസംഗത്തിന്റെ വീഡിയോ പുറത്തു വന്നതോടെ മുസ്തഫയെ അറസ്റ്റ് ചെയ്യണമെന്നും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നു അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.