കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ടാംഘട്ട മെഡിക്കല്‍ സംഘം കാസര്‍കോട്ടെക്ക്

കോട്ടയം: കാസര്‍കോട്ടെ കൊറോണയെ തുരത്താന്‍ കോട്ടയത്തെ മെഡിക്കല്‍ സംഘം ബുധനാഴ്ച്ച കാസര്‍കോട്ടെത്തും.
കൊവിഡ് 19 രോഗബാധിതര്‍ ഏറെയുള്ള കാസര്‍കോട്ടേക്ക് അടുത്തഘട്ടത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ മെഡിക്കല്‍ സംഘം പോകും. കൊവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയുമാണ് പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായമുള്ള കൊവിഡ് രോഗികളെ പരിചരിച്ച് രോഗമുക്തരാക്കി ബഹുമതി കോട്ടയം മെഡിക്കല്‍ കോളേജിനാണ്. കൊവിഡ് ബാധിതരെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടര്‍മാരുടെ ആത്മവിശ്വാസത്തോടെയാണ് സംഘം യാത്ര തിരിക്കുന്നത്. കൊവിഡ് ബാധിച്ച ഏത് ജില്ലയിലും പോകാന്‍ സന്നദ്ധരാണെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടെ ആഹ്വാനം.

തിരുവനന്തപുരത്ത് നിന്ന് എത്തിയ ടീമിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്കായിരിക്കും കാസര്‍കോട്ടേക്ക് കോട്ടയം മെഡിക്കല്‍ ടീം പോകുക. അഞ്ച് അംഗങ്ങള്‍ വീതമുള്ള അഞ്ച് സംഘങ്ങളാണ് വിദഗ്ധ സംഘത്തിലുണ്ടാകുക. ഓരോ സംഘത്തിലും രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ട്. കാസര്‍കോട്ടേക്ക് പോകാന്‍ പലരും സ്വയം സന്നദ്ധരായാണ് എത്തിയത്. തിരുവനന്തപുരത്ത് നിന്ന് നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ അന്തിമ പട്ടിക തയ്യാറാക്കുമെന്ന് കോട്ടയം മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് അറിയിച്ചിട്ടുണ്ട്.

Top