തിരുവനന്തപുരം: കൊറോണ വൈറസ് ബാധയേറ്റ 12 പേരെ ഇന്ന് തിരിച്ചറിഞ്ഞു. ഇന്നലെ വരെ സംസ്ഥാനത്ത് പേടിക്കേണ്ടതായ സാഹചര്യം ഉണ്ടായിരുന്നില്ലെങ്കിലും ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തിയ കാസര്‍കോട് സ്വദേശിയാണ് കേരളത്തെ ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിച്ചത്. കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഗൗരവതരമാണെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി.’
ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് പറയുമ്പോള്‍ അത് നാം ഗൗരവമായി എടുക്കേണ്ടതാണ്.എറണാകുളത്ത് വിദേശ ടൂറിസ്റ്റുകള്‍ക്കാണ് രോഗം ബാധിച്ചത്. അവര്‍ ആദ്യം മുതലേ നിരീക്ഷണത്തിലായിരുന്നു. കാസര്‍കോടിന്റെ കാര്യം വളരെ വിചിത്രമാണ്. ഈ ബാധിച്ചയാള്‍ കരിപ്പൂരാണ് ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേ ദിവസം കോഴിക്കോട് പോയി. അവിടെ നിന്ന് ട്രെയിനില്‍ കാസര്‍കോടേക്ക് പോയി. പിന്നെയുള്ള ദിവസങ്ങളില്‍ എല്ലാ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. പൊതുപരിപാടി, ഫുട്‌ബോള്‍ കളി അങ്ങനെ. വീട്ടിലെ ചടങ്ങിന് ആതിഥേയനായിട്ടുണ്ട്. ഈ ചടങ്ങിന് നിരവധിയാളുകള്‍ വന്നു. രണ്ട് എംഎല്‍എമാരും പങ്കെടുത്തു. ഒരാളെ ഇദ്ദേഹം കൈയ്യില്‍ പിടിച്ചു. അടുത്തയാളെ കെട്ടിപ്പിടിച്ചു. ഇപ്പോള്‍ കാസര്‍കോട് പ്രത്യേക കരുതല്‍ വേണ്ട സ്ഥിതിയാണ്. ആവര്‍ത്തിച്ച് ജാഗ്രത പാലിക്കണം എന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇതുപോലെ ചിലര്‍ അതിന് സന്നദ്ധരായില്ല. അതിന്റെ വിനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഇപ്പോള്‍ കാസര്‍കോട് ജില്ലയില്‍ എല്ലാ പരീക്ഷകളും റദ്ദാക്കേണ്ട സാഹചര്യം വന്നു. അപ്പോള്‍ മറ്റിടത്ത് പരീക്ഷകള്‍ നടത്താനാവില്ല. അതിനാലാണ് എല്ലായിടത്തും റദ്ദാക്കിയത്. കാസര്‍കോട് ഒരാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സ്ഥിതിയായി. അത്യാവശ്യ വിഭാഗങ്ങളിലെ ജീവനക്കാര്‍ 50 ശതമാനം വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫീസിലെത്തണം. ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ശനിയാഴ്ച അവധി. ആഴ്ചയില്‍ അഞ്ച് ദിവസമേ ഓഫീസുകള്‍ പ്രവര്‍ത്തിക്കൂ,’ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സ്ഥിതി ഇന്നലെവരെ കണ്ടത് പോലെയല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44390 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ 44165 പേര്‍ വീടുകളിലാണ്. 225 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13632 പേരാണ് നിരീക്ഷണത്തിലുള്ളത്. 5570 പേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്നൊഴിവാക്കി. 3336 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.