തിരുവനന്തപുരത്ത് നിന്നും തിരിച്ച മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി

കാസര്‍കോട്: കൊവിഡ്19 ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നു യാത്ര തിരിച്ച മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി. കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്‌ലോറിലായിരുന്നു ഇവര്‍ സഞ്ചരിച്ചത്. ഇതിനിടെ ബസ് ഹരിപ്പാട്ട് തകരാറിലായി. ഞായറാഴ്ച രാവിലെ 11ഓടെ ബസ് ഹരിപ്പാട് എത്തിയപ്പോള്‍ കേടാകുകയായിരുന്നു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഹരിപ്പാട് ഡിപ്പോയില്‍ എത്തിച്ച് നന്നാക്കി ഒരുമണിക്കൂര്‍ വൈകിയാണ് യാത്ര തിരിച്ചത്.

കെ.എസ്.ആര്‍.ടി.സി ഹരിപ്പാട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. നൗഷാദ്, ഗാര്‍ഡ് ചന്ദ്രാനന്ദ് എന്നിവര്‍ ഉടന്‍ മെക്കാനിക് എസ്. ശിവപ്രസാദ്, ബാറ്ററി ചാര്‍ജ്മാന്‍ പി. അജിത് എന്നിവരെ വിളിച്ചുവരുത്തി ബാറ്ററി മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. പത്ത് ഡോക്ടര്‍മാര്‍, പത്ത് നഴ്‌സുമാര്‍, അഞ്ച് നഴ്‌സിങ് അസിസ്റ്റന്റ്, രണ്ട് ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 27 പേര്‍ ബസിലുണ്ടായിരുന്നു. ബസ് നന്നാക്കുന്നതിനിടെ യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം സ്‌റ്റേഷന്‍ അധികൃതര്‍ ഒരുക്കി നല്‍കി.

ഹരിപ്പാട് ആക്‌സിഡന്റ് റെസ്‌ക്യൂ ടീമും മെക്കാനിക്കിനെ സഹായിക്കാന്‍ എത്തിയിരുന്നു. യാത്രയുടെ പ്രാധാന്യം കണക്കിലെടുത്ത് എറണാകുളത്ത് മറ്റൊരു എ.സി ലോഫ്‌ലോര്‍ വോള്‍വോ ബസ് തയാറാക്കി നിര്‍ത്തിയിരുന്നു. ഡോക്ടര്‍മാര്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയം കൊണ്ട് തന്നെ ബസ് മാറ്റി നല്‍കുകയായിരുന്നു. തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍ വിദഗ്ധ സംഘത്തെ സ്വീകരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ ഏകോപനത്തില്‍ 2 ഡോക്ടര്‍മാര്‍, 2 നഴ്സുമാര്‍, ഒരു നഴ്സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ 5 ടീമുകളായി തിരിച്ചാണ് പ്രവര്‍ത്തനം നടത്തുക. കോവിഡ് ഒ.പി., കോവിഡ് ഐ.പി., കോവിഡ് ഐ.സി.യു. എന്നിവയെല്ലാം ഇവരുടെ മേല്‍നോട്ടത്തില്‍ സജ്ജമാക്കും.

Top