ബ്യൂട്ടിപാര്‍ലര്‍ വെടിവയ്‌പ്പ്: ക്വട്ടേഷന്‍ നല്‍കിയത് രവി പൂജാരിയുടെ അനുയായി മോനായി

കൊച്ചി : നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ്പ് നടത്താന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത് കാസര്‍ഗോട്ടെ ക്രിമിനല്‍ സംഘത്തലവന്‍ മോനായിയാണെന്ന് ക്രൈംബ്രാഞ്ച്. അധോലോക ക്രിമിനല്‍ രവി പൂജാരിയുടെ അനുയായിയാണിയാള്‍.

ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറില്‍ എത്തി വെടിയുതിർത്ത വിപിന്‍ വർഗീസ്, ബിലാല്‍ എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രവി പൂജാരിയുടെ സംഘാംഗമായ കാസർഗോഡ്
സ്വദേശിയില്‍നിന്നും ഇവർക്ക് ലഭിച്ച ക്വട്ടേഷന്‍ 50 ലക്ഷം രൂപയുടേതായിരുന്നു. തോക്കും വാഹനങ്ങളും കാസർഗോഡ് സംഘം എത്തിച്ചുനല്‍കി. പക്ഷേ ഡിസംബര്‍15ന് കൃത്യം നടന്നതിനുശേഷം ഇവർക്ക് 45000 രൂപ മാത്രമാണ് ലഭിച്ചത്.

കേസില്‍ ആലുവ സ്വദേശിയായ അല്‍ത്താഫിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ അറസ്‌റ്റു ചെയ്‌തിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്. നടി ലീന മരിയ പോളിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിർത്തതെന്നുമാണ് ക്രൈംബ്രാ‌ഞ്ചിന്‍റെ കണ്ടെത്തൽ.

Top