കാസര്‍കോഡ്: കാസര്‍കോഡ് ഇരട്ട കൊലപാതകത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംഭരന്റെ ഭാര്യയും മക്കളും. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലെന്ന് ഭാര്യ മഞ്ജു പറയുന്നു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും മഞ്ജുവും വെളിപ്പെടുത്തി. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കി . നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു പറഞ്ഞു.
പീതാംബരനെ പാര്‍ട്ടി ഇപ്പോള്‍ തള്ളിപ്പറഞ്ഞത് തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ്. മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറഞ്ഞത്. പാര്‍ട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവില്‍ ഒരാളുടെ പേരില്‍ മാത്രം കുറ്റം ആക്കിയിട്ട് പാര്‍ട്ടി കയ്യൊഴിഞ്ഞെന്നും മകള്‍ ദേവിക പറഞ്ഞു.
പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും പീതാംബരനെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. കൊലപാതകങ്ങള്‍ നടത്തിയത് കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ചതിന്റെ നിരാശ കൊണ്ടാണെന്ന് പീതാംബരന്‍ വെളിപ്പെടുത്തിയിരുന്നു. കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ നിരാശ ഉണ്ടാക്കി. പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപിപ്പിച്ചു, ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും കിട്ടാത്തതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചു- എന്നാണ് പീതാംബരന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
അതേസമയം മൊഴികള്‍ പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് സംശയമുണ്ട്. അതുകൊണ്ട് പ്രതികളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. മൊഴികളില്‍ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യല്‍ വീണ്ടും നടത്തുന്നത്.
പീതാംബരന്‍ ഒട്ടേറെ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം ഇരിയയിലെ വീടുകത്തിക്കല്‍, കല്യോട്ടെ വാദ്യകലാസംഘം ഓഫീസിന് തീയിടല്‍, പെരിയ മൂരിയാനത്തെ മഹേഷിനെ തലയ്ക്കടിച്ച സംഭവം തുടങ്ങിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.