കെ.ആര്‍ മീരയ്‌ക്കെതിരെ പ്രതികരിച്ച സംഭവം വിവാദത്തില്‍; ന്യായീകരണവുമായി വി.ടി ബല്‍റാം

VT-balram

പാലക്കാട്: എഴുത്തുകാരി കെ.ആര്‍ മീരയ്‌ക്കെതിരെ പ്രതികരിച്ച സംഭവം വിവാദമായതോടെ ന്യായീകരണവുമായി വി.ടി ബല്‍റാം എംഎല്‍എ രംഗത്ത്.

അഭിസംബോധനകളിലെ രാഷ്ട്രീയം ശരിയല്ലെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ ശരിയാണോ എന്നതാണ് തല്‍ക്കാലം പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കെ. ആര്‍ മീരയെ തെറി വിളിക്കാന്‍ അണികള്‍ക്ക് ആഹ്വാനം നല്‍കുന്ന തരത്തിലാണ് വി ടി ബല്‍റാം കഴിഞ്ഞ ദിവസം കെ ആര്‍ മീരയുടെ തന്നെ പോസ്റ്റില്‍ കമന്റ് എഴുതിയത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചത് രണ്ട് കൂടപ്പിറപ്പുകളുടെ കൊലപാതകവും സിപിഎമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയവുമാണ്. അതില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരേയും രക്ഷിച്ചെടുക്കാന്‍ നോക്കുന്ന ‘സാംസ്‌ക്കാരിക കുബുദ്ധി’കളുടെ കെണിയില്‍ വീഴാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല, ബല്‍റാം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഭിസംബോധനകളിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസല്ല, പൊളിറ്റിക്കല്‍ മര്‍ഡേഴ്‌സ് ഒരു ആധുനിക സമൂഹത്തില്‍ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തല്‍ക്കാലം പ്രധാനം.

അതു കൊണ്ട് ഞങ്ങള്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്. നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്ത്തുന്ന സിപിഎമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തില്‍ അന്തര്‍ലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്.

അതില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരേയും രക്ഷിച്ചെടുക്കാന്‍ നോക്കുന്ന സാംസ്‌ക്കാരിക കുബുദ്ധികളുടെ ട്രാപ്പില്‍ വീഴാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല.

Top