കാസർഗോഡ് കോൺഗ്രസ്സിനു മീതെയും പാപക്കറ, മോഷണം . . ആക്രമണം . . .

മാധാനത്തിന്റെ വെള്ളരിപ്രാവുകളാണ് തങ്ങളെന്ന് ഒരു കോണ്‍ഗ്രസ്സുകാരനും ഇനി മിണ്ടിപ്പോകരുത്. കാസര്‍ഗോഡ് നടന്ന ദാരുണ കൊലപാതകത്തിന്റെ മറവില്‍ നിങ്ങള്‍ അവിടെ നടത്തുന്നതും ക്രിമിനല്‍ പ്രവര്‍ത്തനമാണ്. കൊള്ളയാണ്. മുല്ലപ്പള്ളി ഒഴുക്കിയ കണ്ണീരിന്റെ ഉദ്യേശ ശുദ്ധി പോലും ചോദ്യം ചെയ്യപ്പെടുന്ന ആക്രമണങ്ങളാണ് കാസര്‍ഗോഡ് ജില്ലയില്‍ പരക്കെ ഇപ്പോഴും തുടരുന്നത്. കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യം തന്നെയാണ്. മുഖ്യപ്രതി ഉള്‍പ്പെടെയുള്ളവരെ ഇതിനകം തന്നെ പൊലീസ് പിടികൂടുകയും ചെയ്തു കഴിഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നു വരികയുമാണ്.

ഇതിനിടെയിലും ആക്രമണം തുടരുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. സമീപ കാലത്തൊന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വന്ന ഒരു രാഷ്ട്രീയ കൊലപാതകത്തോടും സ്വീകരിക്കാത്ത നിലപാടാണ് കാസര്‍ഗോട്ടെ ഇരട്ട കൊലപാതക കേസില്‍ സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന് ഏറ്റ മര്‍ദ്ദനത്തിന് പകരം വീട്ടിയതാണെന്നറിഞ്ഞിട്ടും അദ്ദേഹത്തെ പാര്‍ട്ടിയാല്‍ നിന്നും പുറത്താക്കി. കൃത്യത്തില്‍ പങ്കെടുത്ത എല്ലാവരെയും അറസ്റ്റു ചെയ്തു. പ്രതികളെ സഹായിക്കുന്ന ഒരു നടപടിയും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല എന്നു കൂടി ഓര്‍ക്കണം. പ്രതിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും ആയുധങ്ങളടക്കമുള്ള തെളിവുകളും കണ്ടെത്തിയത് തന്നെ ഇതിന്റെ തെളിവാണ്.

എന്നാല്‍ ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഈ സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച് നാട്ടില്‍ സംഘര്‍ഷം പടര്‍ത്താനാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സി.പി.എം ഓഫീസുകള്‍ അഗ്‌നിക്കിരയാക്കിയത് പ്രതിഷേധത്തിന്റെ ഭാഗമാണെങ്കില്‍ എന്തിനാണ് വീടുകള്‍ ആക്രമിച്ചതും സ്ത്രീകളെ മര്‍ദിച്ചതും എന്നതിന് കോണ്‍ഗ്രസ്സ് നേതൃത്വം മറുപടി പറഞ്ഞേ പറ്റു .

പെരിയ ബസാറിലുള്ള നിരവധി വീടുകളാണ് ആക്രമിക്കപ്പെട്ടത്. പെട്ടിക്കട നടത്തി ഉപജീവനം നടത്തുന്നവരെയും അക്രമികള്‍ വെറുതെ വിട്ടിട്ടില്ല. ഒരു വീട്ടില്‍ നിന്നും വിവാഹാവശ്യത്തിന് വച്ചിരുന്ന 16 പവനാണ് കവര്‍ന്നത്. മറ്റൊരു വീട്ടിന് 5 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. വായനശാലകളെയും അക്ഷര വിരോധികളായ അക്രമികള്‍ വെറുതെ വിട്ടിട്ടില്ല. ടിപ്പര്‍ ലോറിയും,ഓട്ടേറിക്ഷയും ബൈക്കുകളും അഗ്‌നിക്കിരയാക്കി. ഇതിന് പുറമെയാണ് നിരവധി സി.പി.എം ഓഫീസുകളും സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത്.ഏകദേശം 3 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് ഈ പ്രദേശത്ത് മാത്രം ഉണ്ടായത്.

ഗാന്ധിജിയുടെ അഹിംസാ ആഹ്വാനം ശിരസാവഹിച്ച് ജീവിക്കുന്നവരെന്ന് അവകാശപ്പെടുന്നവരാണ് ഇവിടെ തങ്ങളുടെ വിശ്വരൂപം കാട്ടിയത്.’ഞങ്ങള്‍ അക്രമകാരികളല്ല, ഗാന്ധിയുടെ ശിഷ്യരാണ് ‘ എന്ന മുദ്രാവാക്യം ദയവ് ചെയ്ത് ഇനി കോണ്‍ഗ്രസുകാര്‍ വിളിക്കരുത്.അത് ഇനി ആ ഖദറിന് ചേരില്ല.

കൊല്ലപ്പെട്ട രണ്ട് ചെറുപ്പക്കാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളായിരുന്നതും പീതാംബരന്റെ കൈ തല്ലി ഒടിച്ചതിന് ജയിലിലായതും ചൂണ്ടിക്കാട്ടി കൃത്യത്തെ ന്യായീകരിക്കാന്‍ സി.പി.എം വന്നിരുന്നുവെങ്കില്‍ ഒരു വാദത്തിന് വേണ്ടിയെങ്കിലും ഈ ആക്രമണ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാമായിരുന്നു.എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല. ആക്രമണത്തെ നിരപരാധികള്‍ക്കെതിരായ ആക്രമണം കൊണ്ട് നേരിടുന്ന ശൈലിയാണ് കോണ്‍ഗ്രസ്സ് കാസര്‍ഗോഡിപ്പോള്‍ പിന്തുടര്‍ന്നത്. അപ്രതീക്ഷിതമായ കൊലപാതകത്തിന്റെ ഷോക്കില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍വലിഞ്ഞത് കൊണ്ടു മാത്രമാണ് അതിന് അവര്‍ക്ക് അവസരമുണ്ടായത്. ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

ആക്രമണം ആര് നടത്തിയാലും അതിനെ ചോദ്യം ചെയ്യുക തന്നെ വേണം.അതു പോലെ തന്നെ പ്രതികരണമെന്ന രീതിയില്‍ നടത്തുന്ന ആക്രമണങ്ങളെയും കാണാന്‍ കഴിയണം. കൊല നടത്തിയ സംഘത്തെ തള്ളിപ്പറഞ്ഞും നടപടി സ്വീകരിച്ചും സി.പി.എം രംഗത്ത് വന്നത് പോലെ കാസര്‍ഗോഡ് ആക്രമണം അഴിച്ചുവിട്ട പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വവും തയ്യാറാകുകയാണ് വേണ്ടത്.

Top