ഇരട്ട കൊലപാതകം; എം.എൽ.എക്ക് എതിരെ കോൺഗ്രസ്സിന്റെ ഗൂഢാലോചന ?

കാസര്‍ഗോട്ടെ ഇരട്ട കൊലപാതകം കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്റെ മുനയാണ് ഇപ്പോള്‍ ഒടിച്ച് കളഞ്ഞിരിക്കുന്നത്.

കൊലപാതകത്തിന് നേതൃത്വം കൊടുത്ത സി.പി.എം കല്ല്യോട്ടെ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനെ സി.പി.എം പുറത്താക്കി കഴിഞ്ഞു. ഈ കേസില്‍ പ്രതികളാക്കപ്പെടുന്ന മറ്റാരെങ്കിലും പാര്‍ട്ടിയിലോ വര്‍ഗ്ഗ ബഹുജന സംഘടനകളിലോ അംഗമായിട്ടുണ്ടങ്കില്‍ അവരെയും പുറത്താക്കുമെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്.

മാതൃകാപരമായ നടപടിയാണിത്. ഈ നിലപാട് മറ്റു പാര്‍ട്ടി നേതൃത്വങ്ങളും പിന്തുടരാന്‍ ശ്രമിച്ചാല്‍ അക്രമരഹിത നാടായി ദൈവത്തിന്റെ ഈ സ്വന്തം നാട് മാറും.

അടിച്ചും കൊന്നും അല്ല ഇവിടെ രാഷ്ട്രിയ പ്രവര്‍ത്തനം നടത്തേണ്ടത്. ആശയങ്ങള്‍ പ്രചരിപ്പിച്ചും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടുമാണ് ജനസേവനം നടത്തേണ്ടത്. ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടികളാണ് പലപ്പോഴും കൊലപാതകത്തില്‍ കലാശിക്കുന്നതും നിയന്ത്രണാധീതമാകുന്നതും.

രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ വിളഭൂമിയായി സാംസ്‌കാരിക കേരളത്തെ മാറ്റിയതില്‍ ഇവിടുത്തെ ഒട്ടുമിക്ക എല്ലാ രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്.

ആക്രമണത്തെ ആക്രമണം കൊണ്ട് നേരിടുക എന്നത് ഒന്നിനും ഒരു പരിഹാരമല്ല. കാസര്‍ഗോഡ് മരണപ്പെട്ട ശ്യാംലാലും കൃപേഷും ആക്രമിച്ചതാണ് തനിക്ക് പക തോന്നാന്‍ കാരണമെന്നാണ് പീതാംബരന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കഞ്ചാവ് ലഹരിയിലായിരുന്നു ആക്രമണമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ വിശ്വസിച്ച പ്രസ്ഥാനത്തെ തന്നെയാണ് പീതാംബരന്‍ ചതിച്ചത്.അക്കാര്യത്തില്‍ ഒരു സംശയവുമില്ല.

സി.പി.എമ്മിന്റെ ഒരു ലോക്കല്‍ കമ്മറ്റി അംഗം എന്ന് പറഞ്ഞാല്‍ ആ പാര്‍ട്ടിയെ സംബന്ധിച്ച് ചെറിയ പദവിയൊന്നും അല്ല. ആയിരങ്ങള്‍ അണികള്‍ ആയുള്ള സ്ഥലത്ത് പോലും വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം പാര്‍ട്ടി അംഗത്വം നല്‍കുന്ന പാര്‍ട്ടിയാണ് സി.പി.എം. ഓരോ കേഡര്‍മാര്‍ക്കും കൃത്യമായി പാര്‍ട്ടി ക്ലാസുകള്‍ നല്‍കി പ്രവര്‍ത്തിക്കുന്ന ഈ പാര്‍ട്ടിയുടെ സെറ്റപ്പ് ഒന്ന് വേറെ തന്നെയാണ്.

എത്രയോ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.പി.എം പ്രവര്‍ത്തകരും നേതാക്കളും പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. അതുപോലെ തന്നെ ഏറ്റവും അധികം പ്രവര്‍ത്തകരെ കേരളത്തിന്റെ മണ്ണില്‍ നഷ്ടപ്പെട്ടതും സി.പി.എമ്മിനാണ്. ഒരാള്‍ ചെയ്ത തെറ്റിന് കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി വേട്ടയാടുന്നത് ശരിയായ നടപടിയല്ല.

ആര്‍.എസ്.എസ്, ബി.ജെ.പി തുടങ്ങി കോണ്‍ഗ്രസ്സ് വരെ ഈ നാട്ടില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ കത്തി മുന നീട്ടിയിട്ടുണ്ട്. തെരുവില്‍ ചോര ഒഴുക്കിയിട്ടുണ്ട്. ഈ പാത പിന്‍തുടര്‍ന്ന് മറ്റു ചില വര്‍ഗ്ഗീയ സംഘടനകളും ആയുധമേന്തി അരും കൊല ചെയ്തിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു ഇതിന് ഒരു ഉദാഹരണമാണ്.

ഇപ്പോള്‍ കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് അരും കൊല ചെയ്യപ്പെട്ടിരിക്കുന്നത്. പ്രധാന ആസൂത്രകനെയടക്കം പൊലീസ് പിടികൂടി കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം വ്യാപകമായി നടക്കുന്നുമുണ്ട്. ഇനിയും ഈ സര്‍ക്കാരിലും പൊലീസിലും വിശ്വാസമില്ലങ്കില്‍ മരിച്ച യുവാക്കളുടെ ബന്ധുക്കള്‍ക്ക് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് അവകശമില്ല.

കാരണം,ബംഗാളില്‍ പൊലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ വന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത മമത ഭരണകൂടത്തിന്റെ നടപടികളെ പിന്തുണച്ചവരാണ് അവര്‍ .സി.ബി.ഐ ബി.ജെ.പിയുടെ ഉപകരണം മാത്രമാണെന്ന് പറഞ്ഞതും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്നതും നാം മറന്ന് പോകരുത്. സി.പി.എം എം.എല്‍.എ അടക്കമുള്ളവരെ കേന്ദ്ര ഏജന്‍സി കുടുക്കി കൊള്ളും എന്ന ഉറപ്പിലാണ് ഇപ്പോഴത്തെ ഈ നീക്കം.രാഷ്ട്രിയ ശത്രുവിനെ കൂട്ട് പിടിച്ച് കേരളാ നേതാക്കള്‍ നടത്തുന്ന ഈ രണ്ടാം കിട ഏര്‍പ്പാടിനുള്ള മറുപടി രാഹുല്‍ ഗാന്ധിയാണ് ഇനി നല്‍കേണ്ടത്.

CPM,C. Karunakaran Pillai

വസ്തു നിഷ്ടമായി വേണം കാര്യങ്ങളെയെല്ലാം നോക്കി കാണാന്‍. അവിടെ രാഷ്ട്രിയ കുടിപ്പകയും വ്യക്തി വിരോധവും സ്വാധീനം ചെലുത്തരുത്. പീതാംബരനും സംഘവും നടത്തിയ കൊലപാതകം സി.പി.എം എം. എല്‍.എ അടക്കമുള്ള നേതൃത്വത്തിന്റെ അറിവോടെയാണെന്ന കോണ്‍ഗ്രസ് ആരോപണത്തെ സംശയത്തോടെ മാത്രമേ കാണാന്‍ പറ്റൂ. പീതാംബരനെ തള്ളി പാര്‍ട്ടി തന്നെ രംഗത്ത് വന്നതിനാല്‍ പീതാംബരന്റെ കുടുംബത്തിന്റെ പ്രതികരണം സ്വാഭാവികമാണ്. എന്നാല്‍ എം.എല്‍.എയെ ടാര്‍ഗറ്റ് ചെയ്ത് കോണ്‍ഗ്രസ്സും കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവും രംഗത്ത് വന്നത് യാഥാര്‍ത്ഥ്യബോധത്തോടെയാണ് എന്ന് ഒരിക്കലും വിലയിരുത്താന്‍ പറ്റില്ല.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വില കുറഞ്ഞ രാഷ്ട്രീയം കളിക്കാനാണ് കോണ്‍ഗ്രസ്സ് ഈ ഇരട്ട കൊലക്കേസ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. പ്രതിയായ ലോക്കല്‍ കമ്മറ്റി അംഗത്തെ പുറത്താക്കിയും അറസ്റ്റ് ചെയ്യിപ്പിച്ചും സി.പി.എം, എതിരാളികളുടെ വായടപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് പുതിയ ആരോപണം. ഇതിന് കൂട്ടായി പത്രമുത്തശ്ശിയും സകല പിന്തിരിപ്പന്‍ മാധ്യമങ്ങളും ഇപ്പോള്‍ രംഗത്തുണ്ട്. കൊല്ലുന്നവരെ ആദ്യം തള്ളുകയും പിന്നീട് സഹായിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടര്‍ വാര്‍ത്തകള്‍ പടച്ച് വിടുന്നത്.

അതായത് ഇരട്ട കൊലകേസിലെ മുഴവന്‍ പ്രതികളെയും പിണറായി സര്‍ക്കാറിന്റെ പൊലീസ് പിടിച്ചാലും ഇവര്‍ക്ക് തൃപ്തിയാകില്ല. സ്വന്തം ‘അജണ്ടകള്‍’ നടപ്പാകും വരെ , ലോകസഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും ഈ വിഷയം ആളിക്കത്തിച്ച് നിര്‍ത്താന്‍ തന്നെയാണ് നീക്കം. ഇതിന് എരിതീഴില്‍ എണ്ണ ഒഴിക്കുന്നതിനാണ് പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. എം.എല്‍.എയെ സംഭവത്തിലേക്ക് വലിച്ചിഴച്ച് സെന്‍സേഷനാക്കാന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയ കേരളം ഈ യാഥാര്‍ത്ഥ്യവും തിരിച്ചറിയണം.

Top