അന്വേഷിക്കാൻ സി.ബി.ഐ റെഡിയെന്ന്, കോടതിയിൽ അനുകൂല നിലപാടെടുക്കും

കാസര്‍ഗോട്ടെ പെരിയയിലെ ഇരട്ട കൊലപാതക കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐ തയ്യാറാകുമെന്ന് സൂചന.ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച ഹര്‍ജിവരികയാണെങ്കില്‍ അനുകൂല തീരുമാനം സി.ബി.ഐ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പിണറായി സര്‍ക്കാറിന്റെ പൊലീസില്‍ വിശ്വാസമില്ലാത്തതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ കൊല്ലപ്പെട്ട രണ്ട് യുവാക്കളുടെയും മാതാപിതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതൃത്വവും ഇതേ നിലപാടിലാണ്.

ഉദുമ എം.എല്‍.എ കുഞ്ഞിരാമന് സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളും ഉന്നത സി.പി.എം ഗൂഢാലോചനയാണ് ആരോപിക്കുന്നത്.

ഇപ്പോള്‍ കുറ്റമേറ്റ പൊലീസ് കസ്റ്റഡിയിലുള്ള പീതാംബരന്‍ സി.പി.എം നിര്‍ദ്ദേശപ്രകാരം സ്വയം കുറ്റം ഏല്‍ക്കുകയായിരുന്നു എന്ന കോണ്‍ഗ്രസ്സ് ആരോപണം തന്നെ കേസ് സി.ബി.ഐക്ക് വിടണമെന്ന താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ്. സി.പി.എം ലോക്കല്‍ ഏരിയാ നേതൃത്വങ്ങള്‍ അറിഞ്ഞ് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടപ്പാക്കിയതെന്നാണ് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബവും ആരോപിക്കുന്നത്.

മക്കള്‍ നഷ്ടപ്പെട്ട കുടുംബത്തെ കൊണ്ട് കോണ്‍ഗ്രസ്സ് നേതൃത്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുകയാണെന്നാണ് ഇതുസംബന്ധമായ സി.പി.എം പ്രതികരണം.അതേ സമയം ഇരട്ട കൊലപാതകം സി.ബി.ഐക്ക് വിടാന്‍ ഇപ്പാള്‍ നടക്കുന്ന സമ്മര്‍ദ്ദങ്ങള്‍ കോണ്‍ഗ്രസ്സ് ബി.ജെ.പി ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് സി.പി.എം സംശയിക്കുന്നത്.എം.എല്‍.എ അടക്കമുള്ള നേതാക്കളെ പ്രതികളാക്കി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന അണിയറയില്‍ നടക്കുന്നതായും സി.പി.എം ആരോപിക്കുന്നു.

എല്ലാ കേസുകളും സി.ബി.ഐ അന്വേഷിക്കുകയാണെങ്കില്‍ എന്തിനാണ് കേരള പൊലീസ് എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം തന്നെ ഈ അപകടം മുന്നില്‍ കണ്ടാണ്. തെളിവുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്കല്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് നല്‍കേണ്ടതെന്നാണ് കോടിയേരിയുടെ വാദം.ഇപ്പോള്‍ അറസ്റ്റിലായ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം എ.പീതാംബരന്റെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും കൂടിക്കാഴ്ചകളും പരിശോധിച്ച് കൂടുതല്‍ പേരെ പ്രതിയാക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസ്സിന്. സംഭവം നടന്ന പ്രദേശത്തെ ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ അറിയാതെ കൊലപാതകം നടക്കില്ലന്നും അവര്‍ വാദിക്കുന്നു.

അതേ സമയം കൊല്ലപ്പെട്ട കൃപേഷും ശ്യാം ലാലും മര്‍ദ്ദിച്ച് തന്റെ കൈ അടക്കം ഒടിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പീതാംബരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. മറ്റൊരു നേതാവിന്റെ പേരും പീതാംബരന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് പോയാല്‍ പീതാംബരനെ ഫോണില്‍ വിളിച്ച നേതാക്കളെയും അവരെ ബന്ധപ്പെട്ട മറ്റു നേതാക്കളെയും വരെ വേട്ടയാടുമെന്ന ഭയം സി.പി.എമ്മിനുണ്ട്.

പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗം എന്ന നിലയില്‍ പീതാംബരന്‍ നേതാക്കളുമായി പാര്‍ട്ടി കാര്യങ്ങളില്‍ നടത്തിയ ആശയവിനുമയത്തെ പോലും ഗൂഢാലോചനയായി ബന്ധപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുണ്ട്.വിളിക്കുന്ന എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യുന്ന ഏര്‍പ്പാട് പീതാംബരനോ മറ്റു നേതാക്കള്‍ക്കോ ഇല്ലാത്തതിനാല്‍ എന്താണ് സംസാരിച്ചതെന്ന് പോലും സ്ഥാപിക്കാന്‍ പറ്റുകയുമില്ല.ഈ യാഥാര്‍ത്ഥ്യങ്ങള്‍ മുന്‍ നിര്‍ത്തി തന്നെയാണ് സി.ബി.ഐ അന്വേഷണത്തിനു വേണ്ടി അണിയറയില്‍ ചരടുവലി മുറുകിയിരിക്കുന്നത്.

ഭരിക്കുന്ന പാര്‍ട്ടിയുടെ ലോക്കല്‍ നേതാവ് പ്രതിയും ഭരണപക്ഷ എം.എല്‍.എക്ക് എതിരെ ആരോപണവും ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് തന്നെയാണ് കോണ്‍ഗ്രസ്സ് പ്രതീക്ഷ.സി.പി.എമ്മിനെ കേരളത്തില്‍ നമ്പര്‍ വണ്‍ ശത്രുവായി കാണുന്ന ബി.ജെ.പിയും കേന്ദ്രത്തില്‍ ഇടപെട്ട് ഇതിന് സഹായകരമായ ചില നീക്കങ്ങള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി വന്നാല്‍ സി.ബി.ഐ സ്റ്റാന്റിംങ്ങ് കൗണ്‍സില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നതാണ് ബി.ജെ.പി നിലപാട്. ഇക്കാര്യം പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിക്കാന്‍ ദേശീയ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ലോകസഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ എക്കാലത്തേയും ഉറച്ച സീറ്റായ കാസര്‍ഗോഡ് സീറ്റ് വരെ ഇത്തവണ അവര്‍ക്ക് നഷ്ടമാകുമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടല്‍.അതേ സമയം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എം.എല്‍.എക്കും എതിരെ കൊല കുറ്റം ചുമത്തിയ കുറ്റപത്രം കോടതി തിരിച്ചയച്ച സാഹചര്യത്തില്‍ സി.ബി.ഐയുടെ പുതിയ നീക്കത്തെ സി.പി.എം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

സി.ബി.ഐയെ ഉപയോഗപ്പെടുത്തി നേതാക്കളെ കുരുക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കം നടക്കില്ലന്നും നേരിടുമെന്നുമാണ് സി.പി.എം മുന്നറിയിപ്പ്. കണ്ണൂരിന് പിന്നാലെ കാസര്‍ഗോഡും ഇത്തരം നീക്കം നടത്താന്‍ ശ്രമിച്ചാല്‍ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം. ഇരട്ടക്കൊല കേസില്‍ ഉദുമ എം.എല്‍.എക്ക് എതിരായ നീക്കം കോണ്‍ഗ്രസ്സ് ബി.ജെ.പി ഗൂഢാലോചനയായാണ് സി.പി.എം നോക്കിക്കാണുന്നത്.

Top