കാസര്‍ഗോട്: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കാസര്‍കോഡ് ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും പ്രതികളായ കാസര്‍ഗോട് ചട്ടഞ്ചാല്‍ പാദൂര്‍ റോഡില്‍ കൂനികുന്ന് മുഹമ്മദ് ഇക്ബാല്‍, തളങ്കര മാലിക് ദിനാര്‍ മസ്ജിദിനുസമീപം മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്. സന്തോഷ് കുമാര്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
തയ്യലങ്ങാടി മാലിഗ വീട്ടില്‍ എം. അബ്ദുള്‍ ഗഫൂര്‍ (മൂന്നാം പ്രതി), മുട്ടത്തൊടി സഫീന മന്‍സിലില്‍ എ.എം. മുഹമ്മദ് (നാലാം പ്രതി), ഉപ്പള മണ്ണംകുഴി ഹാജി മലംഗ് ദര്‍ബാറില്‍ അബൂബക്കര്‍ ഹാജി മലംഗ് (അഞ്ചാം പ്രതി) എന്നിവരെ വെറുതേവിട്ടു. ആറു പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ ആറാംപ്രതി മാപ്പുസാക്ഷിയായി.
ഇതരസമുദായക്കാരിയായ യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കുകാരണമായതെന്നാണ് കണ്ടെത്തല്‍. കേസില്‍ 30 സാക്ഷികളാണുള്ളത്.
2001 സെപ്റ്റംബര്‍ 18നാണ് യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോട് മണ്ഡലം പ്രസിഡന്റും വിദ്യാനഗര്‍ പടുവടുക്കം എം. ഗോപാലന്റെ മകനുമായ ബാലകൃഷ്ണന്‍ (29) കൊല്ലപ്പെട്ടത്. 17 വര്‍ഷത്തിനു ശേഷമാണ് വിധിപ്രഖ്യാപനം. നഗരത്തിലെ കൂറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ബാലകൃഷ്ണന്‍ ഉപ്പള സ്വദേശിനിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഹിന്ദുമതാചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. മൂന്നുമാസം പിന്നിട്ടപ്പോള്‍ ബാലകൃഷ്ണനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരിപ്പുഴ കടവിന് സമീപം കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മാരക മുറിവേറ്റ ബാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നെഞ്ചിലേറ്റ അഞ്ചോളം കുത്താണ് മരണത്തിനിടയാക്കിയതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. അന്വേഷണം തൃപ്തികരമല്ലെന്നുകാണിച്ച് ബാലകൃഷ്ണന്റെ അമ്മ പങ്കജാക്ഷി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി കേസ് 2010ല്‍ സി.ബി.ഐ.യ്ക്ക് വിട്ടത്. അബ്ദുല്‍ ഗഫൂറും അബൂബക്കറുമാണ് കൊലക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത് എ.എം. മുഹമ്മദാണെന്നും സി.ബി.ഐ ആരോപിച്ചിരുന്നു. എന്നാല്‍, ക്വട്ടേഷന്‍ നല്‍കിയതിനോ ഒളിവില്‍ പാര്‍പ്പിച്ചതിനോ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഇവരെ കോടതി കുറ്റവിമുക്തരാക്കി. ഒന്നാംപ്രതി മുഹമ്മദ് ഇക്ബാല്‍ ദുബായിലേക്ക് കടന്നിരുന്നു. 2011ല്‍ ഇന്റര്‍പോളിന്റെ സഹായത്തോെട ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാംപ്രതിയെ സംഭവം നടന്ന് ദിവസങ്ങള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിയമപോരാട്ടം വര്‍ഷങ്ങളായി തുടരുകയാണെന്നും കോടതിവിധിയില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും ബാലകൃഷ്ണന്റെ അച്ഛന്‍ എം. ഗോപാലന്‍ പറഞ്ഞു. വിധി പ്രഖ്യാപിക്കുന്നതുകാണാന്‍ ഗോപാലന്‍ കോടതിയിലെത്തിയിരുന്നു. വിധിക്കായി കാത്തുനില്‍ക്കാതെ, രണ്ടുമാസം മുന്‍പാണ് ബാലകൃഷ്ണന്റെ അമ്മ മരിച്ചത്.