കള്ള വോട്ട് പരാതികളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

കാസര്‍ഗോഡ് : കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കള്ള വോട്ട് പരാതികളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. കാസര്‍ഗോഡ് ജില്ലാ കളക്ടറാണ് പരാതിയില്‍ തെളിവെടുപ്പ് നടത്തുന്നത്. കള്ളവോട്ട് ആരോപണ വിധേയരോടും പോളിംഗ് ഉദ്യോഗസ്ഥരോടും ഇന്ന് പത്ത് മണിക്ക് ഹാജരാകാന്‍ കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി സ്‌കൂളിലെ 69, 70 ബൂത്തുകളിലും തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ കൂളിയാട് സ്‌കൂളിലെ 48 ആം ബൂത്തിലും കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം.

ബൂത്തില്‍ വെബ് കാസ്റ്റിംഗ് നടത്തിയവര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍ക്കും പരാതിയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ചീമേനി 47 ആം ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ശ്യാം കുമാറില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ ബൂത്തിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളും ഇന്ന് പരിശോധിക്കും. ഇതിന് ശേഷമാണ് സംസ്ഥാന തെരഞെടുപ്പ് കമ്മീഷണക്ക് റിപ്പോര്‍ട്ട് ന്‍ല്‍കുക.

അതേസമയം കയ്യൂര്‍ ചീമേനിയില്‍ 120ലധികം കള്ളവോട്ടുകള്‍ ചെയ്തതായി കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരുന്നു. രാഹുല്‍ എസ്, വിനീഷ് എന്നിവരുടെ ദൃശ്യങ്ങളാണ് കള്ളവോട്ട് ചെയ്യുന്നതായി കാട്ടി കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും വ്യത്യസ്ത സമയങ്ങളിലായി ബൂത്തിനുള്ളില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രവാസികളായ പതിനാറ് പേരുടെ വോട്ടുകള്‍ ഇത്തരത്തില്‍ ഈ ബൂത്തില്‍ കള്ളവോട്ടായി ചെയ്തുവെന്നാണ് പരാതി.

Top