ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രത്യേകിച്ച് സി.പി.എമ്മിനെ സംബന്ധിച്ച് അതി നിര്‍ണ്ണായകമാണ് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ്. ബംഗാളിലും ത്രിപുരയിലും വലിയ പ്രതീക്ഷ ഇല്ലാത്തതിനാല്‍ കേരളം കനിഞ്ഞാല്‍ മാത്രമേ ഉറപ്പായും ലോക് സഭയില്‍ ചെങ്കൊടി പാറൂകയുള്ളു. മറ്റ് സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ ലഭിച്ചാല്‍ അത് ‘ബോണസായി’ മാത്രമേ വിലയിരുത്താന്‍ സാധിക്കൂ.
എന്തൊക്കെ പ്രകോപനങ്ങള്‍ ഉണ്ടായാല്‍ പോലും രാഷ്ട്രീയ നേതൃത്വങ്ങള്‍ പൊതുവെ ജാഗ്രത പാലിക്കുന്ന സമയമാണ് തിരഞ്ഞെടുപ്പ് ‘കാലം. എന്നാല്‍ ഈ മുന്‍ വിധികളെല്ലാം തകര്‍ത്തെറിഞ്ഞാണ് കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ്സുകാരെ വെട്ടി കൊന്നിരിക്കുന്നത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കാറിലെത്തിയ അജ്ഞാത സംഘം ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു.
പാര്‍ട്ടിക്ക് പങ്കില്ലന്ന് സി.പി.എം ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിസ്ഥാനത്ത് സി.പി.എമ്മിനെ നിര്‍ത്തിയാണ് യു.ഡി.എഫ് രംഗത്തിറങ്ങിയിരിക്കുന്നത്.പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ വിരല്‍ ചൂണ്ടുന്നതും സിപിഎം പ്രാദേശിക നേതാക്കളിലേക്കാണ്.
മുന്‍പ് കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ ഒന്നാം ചരമവാര്‍ഷിക വേളയില്‍ തന്നെയാണ് കാസര്‍ഗോട്ടെ ഇരട്ട കൊലപാതകമെന്നതും ശ്രദ്ധേയമാണ്.
യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ വധകേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കുമെതിരെ സി.ബി.ഐ കുറ്റപത്രം കൊടുത്തതും അടുത്തയിടെയാണ്.
ഈ സാഹചര്യത്തില്‍ കണ്ണൂരിലേയും കാസര്‍ഗോട്ടേയും കൊലപാതകങ്ങള്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.പ്രത്യേകിച്ച് ഈ കൊലക്കേസുകളിലെല്ലാം പ്രതിസ്ഥാനത്ത് സി.പി.എം ആയതിനാല്‍ നേതൃത്വം ശരിക്കും വിയര്‍ക്കുക തന്നെ ചെയ്യും.
അഭിപ്രായ സര്‍വേകളില്‍ യു.ഡി.എഫിന് ലഭിച്ച മൃഗീയ മേധാവിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന യു.ഡി.എഫിന് കാസര്‍ഗോട്ടെ ഇരട്ട കൊലപാതകം ഇതിനകം തന്നെ നല്ലൊരു ആയുധമായിട്ടുണ്ട്
ലോക്‌സഭ തിരഞ്ഞെടുപ്പ് വിധി സി.പി.എം നടത്തി വരുന്ന കൊലപാതക രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തി പ്രതിഷേധം വ്യാപിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചതും തിരഞ്ഞെടുപ്പ് രാഷ്ട്രീയം തന്നെയാണ്.
സി.പി.എമ്മില്‍ നിന്നും കണ്ണൂര്‍ ലോകസഭ സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സ് രംഗത്തിറക്കുന്ന കെ.സുധാകരന്‍ ഇരട്ട കൊലപാതകത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നു കഴിഞ്ഞു.അതിശക്തമായി പറ്റാവുന്ന എല്ലാ രൂപത്തിലും ആക്രമണത്തിനെതിരെ പ്രതികരിക്കാനാണ് സുധാകരന്റെ ആഹ്വാനം. പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിച്ചാലും ആ പ്രവര്‍ത്തകരുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല പ്രക്ഷോഭത്തിലൂടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ റോളില്‍ ‘കളം’ പിടിച്ച ബി.ജെ.പിയില്‍ നിന്നും ‘കളം’ തിരിച്ചു പിടിക്കാനാണ് ഇതുവഴി കോണ്‍ഗ്രസ്സ് നീക്കം നടത്തുന്നത്.
നിലവിലെ സാഹചര്യത്തില്‍ കണ്ണൂരില്‍ മാത്രമല്ല, മലബാറിലെ സി.പി.എം ഉരുക്കു കോട്ടയായ കാസര്‍ഗോഡ് ലോകസഭ മണ്ഡലത്തില്‍ പോലും ഇത്തവണ അട്ടിമറി വിജയം നേടുമെന്നാണ് കോണ്‍ഗ്രസ്സിന്റെ അവകാശവാദം.
ഇപ്പോള്‍ തന്നെ ഇരട്ട കൊലപാതകം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സ് സൈബര്‍ വിഭാഗം ‘പണി’ തുടങ്ങിയിട്ടുണ്ട്. ഷുഹൈബും ഷുക്കൂറും ഉള്‍പ്പെടെയുള്ളവരെ കൂടി മുന്‍ നിര്‍ത്തിയാണ് സി.പി.എമ്മിനെതിരായ പ്രചരണം.
ഈ പ്രചരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയാതെ നിസഹായാവസ്ഥയിലാണിപ്പോള്‍ സി.പി.എം. മിന്നല്‍ ഹര്‍ത്താല്‍ പോലും വേണ്ടന്ന നിലപാടിലേക്ക് വന്ന സി.പി.എം ഇത്തരം ആക്രമണങ്ങള്‍ക്ക് വിരാമമിടാനും ജാഗ്രത കാണിക്കേണ്ടിയിരുന്നു എന്ന സ്വയ വിമര്‍ശനം ഇപ്പോള്‍ പാര്‍ട്ടിക്കകത്ത് തന്നെ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, കാസര്‍ഗോട്ടെ ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരാന്‍ യൂത്ത് കോണ്‍ഗ്രസ്സ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വീണ്ടുമൊരു കുരുക്ക് സി.പി.എമ്മിന് ഉണ്ടാക്കുമെന്ന് കണ്ടാണ് ഈ കരുനീക്കം. പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികളെയും ഗൂഢാലോചനക്കാരെയും കണ്ടെത്താന്‍ കഴിയില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ വാദം. സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ നീക്കം.