ലണ്ടന്‍: ജമ്മുകശ്മീര്‍ വിഷയത്തില്‍ ബ്രിട്ടന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേ. കശ്മീര്‍ വിഷയം ഇന്ത്യയെയും പാക്കിസ്ഥാനെയും സംബന്ധിച്ചുള്ളതാണ്, അതു പരിഹരിക്കേണ്ടതും ഇരുരാജ്യങ്ങളണെന്നും തെരേസ പറഞ്ഞു.
ഈ വിഷയത്തില്‍ ബ്രിട്ടന്‍ ഇടപെടില്ലെന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതലെ പിന്തുടരുന്ന നിലപാടാണു. ഇതില്‍ മാറ്റമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍ വിഷയത്തെക്കുറിച്ചു പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അവര്‍. പാക്കിസ്ഥാന്‍ വംശജയും ലേബര്‍ പാര്‍ട്ടി എംപിയുമായ യാസ്മിന്‍ ഖുറേഷിയാണു ചോദ്യം ഉന്നയിച്ചത്.
അടുത്ത മാസം നടക്കുന്ന തെരേസ മേയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കശ്മീര്‍ വിഷയവും ചര്‍ച്ചയാകുമോയെന്നായിരുന്നു ഖുറേഷി ചോദിച്ചത്. ഇതിനു മറുപടിയായാണു ബ്രിട്ടന്റെ നിലപാടില്‍ മാറ്റമില്ലെന്നു തെരേസ ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്.
നവംബര്‍ ആറു മുതല്‍ എട്ടുവരെയാണു മേയുടെ ഇന്ത്യാ സന്ദര്‍ശനം. യൂറോപ്പിനു പുറത്തു തെരേസയുടെ ആദ്യ സന്ദര്‍ശനമാണ് ഇന്ത്യയിലേത്.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ തെരേസ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്നു ‘ഇന്ത്യ-യുകെ ടെക്’ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.