ഭയപ്പെട്ട് കശ്മീര്‍; പാരമ്പര്യത്തെ ഇല്ലാതാക്കുന്ന ഭീകരവാദം. .

മ്മു കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സൈന്യത്തിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ച് കഴിഞ്ഞ ആഴ്ച ആറ് പേരെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘാംഗങ്ങള്‍ തട്ടിക്കൊണ്ട് പോവുകയും അതില്‍ രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തു. വീടുകളില്‍ നിന്ന് ആളുകളെ നേരിട്ട് പിടിച്ചു കൊണ്ടുപോയി കഴുത്തറുത്ത് കൊല്ലുന്ന കൊടും ക്രൂരതയിലേയ്ക്ക് രാജ്യത്തിന്റെ അവസ്ഥ നീങ്ങുന്നു എന്ന ഭീകരതയാണ് കശ്മീരില്‍ നടക്കുന്നത്.

23 കാരമായ ഫയസ് അഹമ്മദ് ദാറിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി, 19 കാരന്‍ ഹിസൈഫ് അഷറഫിന്റെ കഴുത്തു വെട്ടിയ നിലയില്‍ കണ്ടെത്തി. ക്രൂരതകള്‍ നടത്തുക മാത്രമല്ല, അവ ദൃശ്യങ്ങളാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച് അധികാരം സ്ഥാപിക്കുകയാണ് ഭീകരസംഘങ്ങള്‍. ഓരോ നിമിഷവും തങ്ങളുടെ ഊഴം കാത്ത് ഇരിക്കുകയാണ് കശ്മീരി ജനത എന്ന് ചുരുക്കം. ഷോപ്പിയാനയില്‍ നാല് ഭീകരവാദികള്‍ കൊല്ലപ്പെട്ടതാണ് ഏറ്റവും പുതിയ വാര്‍ത്ത. എല്ലാവരും ഷോപിയാന്‍ സ്വദേശികള്‍ തന്നെയാണെന്നുള്ളതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന ഘടകം.

കശ്മീര്‍ ജനങ്ങള്‍ ഉണരുന്നതും ഉറങ്ങുന്നതും ഭീകരവാദം ശ്വസിച്ചു കൊണ്ടാണ്. അവരുടെ കുട്ടികളും സ്വാതന്ത്രമുള്ള, വര്‍ണ്ണാഭമായ ബാല്യകാലം അനുഭവിക്കുന്നതേയില്ല. നബിദിനത്തില്‍ മുട്ടുകുത്തി കണ്ണച്ച് സ്വസ്ഥമായ മനസ്സോടെ പ്രാര്‍ത്ഥിക്കാന്‍ പോലും ഭയം ഇവരെ അനുവദിക്കുന്നില്ല എന്നതാണ് സത്യം. കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ നടുവിലാണ് എല്ലാം.

കശ്മീരിലെ യുവത്വം ഭീകരവാദത്തില്‍ ചെന്നു ചേരുന്നതല്ല, ഭയത്തിന്റെ വിത്ത് പാകിയും ആശയങ്ങളിലൂടെ ചിന്തകളെ മാറ്റിയെടുത്തും ഒരു സംഘം ഇവരെ കൊണ്ട് ചെന്നെത്തിക്കുന്നതാണ്. അന്താരാഷട്ര ഭീകര സംഘടനയായ ഐഎസ്‌ഐഎസും സാക്കിര്‍ മുസായും എല്ലാം പ്രചരിപ്പിക്കുന്ന വഹാബിസത്തില്‍ കുടുങ്ങിപ്പോവുകയാണ് കശ്മീര്‍ യുവത്വം. മസ്തിഷ്‌ക്കത്തെയും ചിന്തയെയും അടിമപ്പെടുത്താന്‍ സാധിച്ച അവരുടെ കൈകളിലേയ്ക്ക് ആയുധങ്ങള്‍ വച്ചു കൊടുക്കാന്‍ വളരെ എളുപ്പമാണ്.

രണ്ട് മതങ്ങളുടെ പേരില്‍ ഇന്ത്യ വിഭജിക്കപ്പെട്ടതിന്റെ പേരില്‍ ഉണ്ടായ കലാപങ്ങളില്‍ രാജ്യം ഉലഞ്ഞു കൊണ്ടിരുന്നപ്പോള്‍ നിവര്‍ന്നു നിന്ന ഒരു പ്രദേശം കശ്മീര്‍ ആയിരുന്നു. ബഹുസ്വരതയെ അംഗീകരിച്ചിരുന്ന ഈ പ്രദേശത്തെ വലിയ പ്രതീക്ഷയോടെയാണ് മഹാത്മാഗാന്ധി കണ്ടിരുന്നത്. അതായിരുന്നു കശ്മീരിന്റെ യഥാര്‍ത്ഥ പാരമ്പര്യം. സൂഫി വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കാന്‍ തീവ്രവാദ സംഘങ്ങള്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നതിലൂടെ ഒരു ജനതയുടെ പാരമ്പര്യത്തെ തന്നെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

ആദ്യഘട്ടത്തില്‍ നേരിട്ടുള്ള ആക്രമണങ്ങളാണ് ഭീകര സംഘങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ അവര്‍ പതറിപ്പോയി. അത്രയും ശ്രദ്ധ ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. പ്രദേശവാസികള്‍ കൂടുതലായി ഇന്ത്യന്‍ ആര്‍മിയിലേയ്ക്ക് മക്കളെ അയക്കാന്‍ തുടങ്ങി. യുവാക്കളും അതില്‍ ആകൃഷ്ടരായിരുന്നു. ഇപ്പോള്‍ സ്ട്രാറ്റജി മാറ്റിയിരിക്കുകയാണ് വിവിധ ഭീകര സംഘങ്ങള്‍.

terrorist

സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു, വീടുകളില്‍ നേരിട്ടെത്തി യുവാക്കളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു. സുരക്ഷാ സൈനിക വിഭാഗങ്ങളില്‍ ആരും ചേരരുത് എന്ന് ആവശ്യപ്പെടുന്നു. അങ്ങനെ, മാനസികമായി തളര്‍ത്തി വിജയം നേടാനാണ് സംഘങ്ങളുടെ ശ്രമം. ഈ മനശാസ്ത്രപരമായ നീക്കത്തെ ചെറുക്കേണ്ടത് രാജ്യത്തിന്റെ നിലവിലെ സുരക്ഷയ്ക്ക് മാത്രമല്ല, വളര്‍ന്നു വരുന്ന തലമുറയുടെ മാനസികാരോഗ്യത്തിന് കൂടി അനിവാര്യമാണ്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top