ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേര്‍ക്ക് പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഉചിതമായ രീതിയില്‍ തന്നെ മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരുടെയും രക്തസാക്ഷികളുടെയും സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
രാജ്യത്തിന് നേര്‍ക്കുള്ള അക്രമമായിട്ടാണ് ഭീകരാക്രമണത്തെ നോക്കിക്കാണുന്നത്. ഈ അക്രമത്തിന് ഇന്ത്യ ഉചിതമായി തന്നെ മറുപടി കൊടുക്കണം. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും എടുക്കുന്ന തീരുമാനത്തിനൊപ്പം എല്ലാവരും ഒറ്റക്കെട്ടായി തന്നെ നില്‍ക്കുകയാണ്. എല്ലാ പിന്തുണയും നല്‍കുന്നു, കെജ്‌രിവാള്‍ പറഞ്ഞു.
ഇന്ത്യന്‍ മണ്ണില്‍ പാക്കിസ്ഥാന്റെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് എല്ലാ ഭാരതീയന്റെയും ആഗ്രഹം. ജാതിയുടെയും അതിര്‍ത്തിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതെ ഈ ലക്ഷ്യത്തിന് വേണ്ടിയാണ് എല്ലാവരും ഐക്യപ്പെടുന്നത്, കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.