ശ്രീനഗര്‍: ഈദ് ദിനത്തില്‍ കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിഘടനവാദികള്‍ ഈദ് ദിനത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.
രണ്ട് മാസത്തിനുള്ളില്‍ കശ്മീരില്‍ നടന്ന അക്രമങ്ങളുടെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ടു.
അതിനിടെ ഇന്നലെയും പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായി.
ഈദ് ദിനത്തില്‍ ശ്രീനഗറിലെ ഐക്യരാഷ്ട്രസഭ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് നേരത്തെ വിഘടനവാദികള്‍ പ്രഖ്യാപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.
സംസ്ഥാനത്ത് നിലവിലുള്ള നിരോധനാജ്ഞാ ഉത്തരവുകളൊന്നും കാര്യക്ഷമമായി നടപ്പിലാവുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ആഘോഷവേളകളില്‍ കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് ആദ്യമായല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ജൂലൈ 8 മുതല്‍ സെപ്തംബര്‍ 6 വരെ കശ്മീരില്‍ 1732 അക്രമസംഭവങ്ങള്‍ നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പകുതിയിലേറെ അക്രമങ്ങള്‍ നടന്നത ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷമുള്ള മൂന്ന് ദിവസങ്ങളിലാണ്.
ഇന്നലെ രാത്രി പുല്‍വാമ ജില്ലയിലെ താഹത്തില്‍ സുരക്ഷാ സൈനികരുടെ ക്യാമ്പിനു നേരെ ആക്രമണമുണ്ടായിരുന്നു.
പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികള്‍ സൈനിക ക്യാമ്പിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.