kashmir conficts; 4 district ban withdrawal

ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് അയവ്.

സംഘര്‍ഷ ബാധിതപ്രദേശങ്ങളില്‍ ദിവസങ്ങളായി തുടരുന്ന നിരോധനാജ്ഞയില്‍ ഇളവ് അനുവദിച്ചു.

നാല് ജില്ലകളില്‍ നിരോധനാജ്ഞ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ കശ്മീര്‍സന്ദര്‍ശനം ഇന്നും തുടരും.

ഇന്ന് വിവധ രാഷ്ട്രീയകക്ഷികളുമായുള്ള ചര്‍ച്ചകളാണ്‌നടക്കുക. എന്നാല്‍ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. ചര്‍ച്ചകള്‍ നടത്താന്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യമെന്നും പ്രശ്‌ന പരിഹാരത്തിന് യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് ചര്‍ച്ച ബഹിഷ്‌കരിക്കുന്നത്.

എന്നാല്‍ നേരത്തെ മെഹബൂബ മുഫ്തി വിളിച്ച ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന നാഷണല്‍ കോണ്‍ഫറന്‍സ് രാജ്‌നാഥ് വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഘര്‍ഷം ഇല്ലാതാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ആലോചിക്കാനാണ് യോഗം വിളിച്ചിരിക്കുന്നത്.

ഇന്നലെ ഉച്ചയോടുകൂടിയാണ് രാജ്‌നാഥ്‌സിങ്ങ് കശ്മീരിലെത്തിയത്. കശ്മീരിലെ പ്രാദേശിക സംഘടനാ നേതാക്കളുമായി ആദ്യം കൂടിക്കാഴ്ച നടത്തി.

തുടര്‍ന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും ഗവര്‍ണര്‍ എന്‍.എന്‍ വോറയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുവരുമായി ഇന്ന് രാവിലെയും ചര്‍ച്ചകള്‍ തുടരുകയാണ്. പ്രധാനമായും സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ആരായുന്നത്

Top