കശ്മീരില്‍ അടിപതറി ബിജെപി; ഗുപ്കര്‍ സഖ്യത്തിന് ഉജ്ജ്വല വിജയം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് ഗുപ്കര്‍ മുന്നണിക്ക് ഉജ്ജ്വല വിജയം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സഖ്യം 114സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 75ഉം കോണ്‍ഗ്രസ് 24ഉം സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്നതാണ് ഗുപ്കര്‍ സഖ്യം. ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്.

ജമ്മു മേഖലയില്‍ 6 ജില്ലാ വികസന കൗണ്‍സിലുകളില്‍ ബിജെപിയ്ക്ക് ലീഡ് ഉണ്ട്. എന്നാല്‍ കശ്മീര്‍ മേഖലയില്‍ പച്ചതൊടാനായില്ല. 9 ഡിഡിസികളിലാണ് പീപ്പിള്‍സ് അലൈന്‍സിന് മുന്നേറ്റം. അഞ്ചിടത്തെ ഫലം പ്രവചനാതീതമാണ്. അതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ പ്രാധാന്യം ഇത്തവണ ഉണ്ടാകും എന്നാണ് വിലയിരുത്തലുകള്‍.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷമുളള ആദ്യ ജനാധിപത്യ പ്രക്രിയ ആണ് ഡി.ഡി.സി തെരഞ്ഞെടുപ്പ്. ആ വിഷയം തന്നെയായിരുന്നു പ്രധാനമായും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ ചര്‍ച്ചയാക്കിയതും.

Top