ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്താനു തമ്മിലുള്ള പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം കശ്മീരാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്.
കശ്മീര്‍ വിഷയം പരിഹരിച്ചില്ലെങ്കില്‍ മേഖലയില്‍ സമാധാനവും ക്ഷേമവും വരില്ലെന്നും ഷെരീഫ് പറഞ്ഞു. കശ്മീരി സോളിഡാരിറ്റി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ ജനതയ്ക്കു പിന്തുണ പ്രഖ്യാപിക്കാനാണ് സോളിഡാരിറ്റി ദിനം പാക്കിസ്താന്‍ ആചരിക്കുന്നത്. അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമുള്ള കശ്മീരികളുടെ പോരാട്ടത്തില്‍ തങ്ങള്‍ ഒപ്പമുണ്ട്. കശ്മീരിലെ നിഷ്‌കളങ്കരുടെ കൊലപാതകവും ആഭ്യന്തര ഭീകരവാദവും അപലപിക്കുന്നുവെന്നും നവാസ് ഷെരീഫ് പറഞ്ഞു.
കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി ഒട്ടേറെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലൂടെ ഉറപ്പുനല്‍കിയ സ്വാതന്ത്ര്യം കശ്മീരികള്‍ക്കു നല്‍കാന്‍ ഇന്ത്യയ്ക്കു സാധിച്ചിട്ടില്ല.
ഇന്ത്യന്‍ സേന കശ്മീരില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനു രാജ്യാന്തര സമൂഹം ശബ്ദമുയര്‍ത്തണം. കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നും ഷെരീഫ് പറഞ്ഞു.