ന്യൂഡല്‍ഹി : കശ്മീരില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള പരിഹാരമാര്‍ഗങ്ങള്‍ ആലോചനയില്‍.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ശ്രീനഗര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടത്. കശ്മീരില്‍ ജനജീവിതം സാധാരണ ഗതിയില്‍ എത്തിക്കുന്നതിനായി ആവശ്യമെങ്കില്‍ വിഘടനവാദികളുമായി സമാധാനചര്‍ച്ച നടത്താമെന്നും യോഗത്തില്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് ആരുമായും ചര്‍ച്ചയ്ക്ക് തയാറാണെന്ന് നേരത്തെ ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിഘടനവാദികള്‍ ഇത് അംഗീകരിച്ചിരുന്നില്ല.
കല്ലേറു ചെറുക്കാന്‍ സൈന്യം യുവാവിനെ മനുഷ്യകവചമായി ജീപ്പിനു മുന്നില്‍ കെട്ടിയിട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സൈന്യത്തിന്റെ നിറം കെടുത്തുന്നതാണെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇത്തരം വിഡിയോകളുടെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ പലതും പാക്കിസ്ഥാനില്‍ നിന്നുമുള്ള സമൂഹമാധ്യമങ്ങള്‍ വഴിയാണ് പോസ്റ്റ് ചെയ്തതെന്നും വ്യക്തമാക്കുന്നു. കശ്മീരിലെ സംഭവങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്റെ ഇടപെടല്‍ ഉണ്ടെന്നും പ്രാദേശിക പൊലീസിനെയും അവരുടെ കുടുംബത്തെയും അവര്‍ ലക്ഷ്യമിട്ടേക്കാമെന്നും യോഗത്തില്‍ പറഞ്ഞു.
ദക്ഷിണ കശ്മീരില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതു മുതല്‍ താഴ്‌വരയില്‍ സംഘര്‍ഷം നടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
അതേസമയം, പിഡിപി-ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് പകരം രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല പ്രതികരിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ല ,മുഖ്യമന്ത്രി മെഹ്ബൂബ മുഖ്യമന്ത്രി കസേരയില്‍ പറ്റിപ്പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.