ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ അധികമായി കശ്മീരില്‍ എത്തിച്ചു. കശ്മീരില്‍ ക്രമസമാധാന നില തകരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.
അടിയന്തിര സാഹചര്യം പരിഗണിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് വിമാനത്തില്‍ സൈനികരെ കശ്മീരില്‍ എത്തിച്ചിരിക്കുന്നത്. വിഘടനവാദി നേതാവായ യാസിന്‍ മാലിക്കിനെ കഴിഞ്ഞ ദിവസം കശ്മീരില്‍ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ഇന്ത്യയെ നടുക്കിയ പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദികളായ പാക്കിസ്ഥാനെ നേരിടാന്‍ നയതന്ത്രവും അല്ലാതെയുമുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടം വെറും ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്നതല്ലെന്നും നിരവധി രീതിയില്‍ അത് നീണ്ടുനില്‍ക്കുമെന്നും ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റ് സമ്മേളനത്തില്‍ വെച്ച് ജെയ്റ്റ്ലി പ്രതികരിച്ചു. തെമ്മാടി രാഷ്ട്രമെന്നാണ് പാക്കിസ്ഥാനെ ജയ്റ്റ്ലി വിശേഷിപ്പിച്ചത്. ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദികള്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും കുറ്റവാളികള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.