ന്യൂഡല്‍ഹി : കശ്മീര്‍ വിഷയത്തില്‍ നിലവിലെ സാഹചര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ സന്ദര്‍ശിക്കുന്ന ജർമൻ ചാൻസലർ അംഗല മെർക്കൽ. കശ്മീരിലെ നിലവിലെ സ്ഥിതി ഗുണകരവും സുസ്ഥിരവുമല്ലെന്ന് അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് തൊട്ടുമുന്‍പായിരുന്നു മെര്‍ക്കലിന്‍റെ അഭിപ്രായപ്രകടനം.
ഈ അവസ്ഥക്ക് മാറ്റം വരണമെന്നും മെര്‍ക്കല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉയര്‍ത്തുമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ വ്യക്തമാക്കി.
ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് മോദിയുടെ പദ്ധതികള്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ വ്യക്തമാക്കി. ജമ്മുകശ്മീരിനെ സംബന്ധിച്ച പരാമര്‍ശത്തിന് ശേഷം പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ എത്തി ആംഗല മെര്‍ക്കല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ മെര്‍ക്കല്‍ ഇന്ന് ജര്‍മ്മനിയിലേക്ക് മടങ്ങും.
സന്ദര്‍ശനത്തിനിടെ ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ പതിനൊന്നോളം കരാറുകളിലും അഞ്ച് ധാരണപത്രത്തിലും ഒപ്പുവെച്ചു. വ്യോമയാനം, ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കലും പങ്കെടുത്ത പ്രതിനിധി യോഗത്തിന് ശേഷമാണ് ധാരണപത്രങ്ങളിലും കരാറുകളിലും ഒപ്പുവെച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ഇന്നലെ ആംഗല മെര്‍ക്കല്‍ കൂടിക്കാഴ്ച നടത്തി.
കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുളള സ്ഥിതിഗതികളില്‍ ഇന്ത്യന്‍ നിലപാടിന് വിരുദ്ധമായുളള സമീപനം സ്വീകരിച്ചിരിച്ചിരിക്കുകയാണ് ജര്‍മനി. ഇന്ത്യാ സന്ദര്‍ശനത്തിനിടെ തന്നെ ജര്‍മന്‍ ചാന്‍സലര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.