വിലാപയാത്രയിലുണ്ടായ ദുരന്തം; ഖാസിം സുലൈമാനിയുടെ സംസ്‌കാരം മാറ്റിവെച്ചു

ബാഗ്ദാദ്:അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാരം മാറ്റിവെച്ചു. വിലാപ യാത്രയ്ക്കിടെയുണ്ടായ ദുരന്തത്തെത്തുടര്‍ന്നാണ് സംസ്‌കാരം മാറ്റിവെച്ചത്.

വിലാപയാത്രയില്‍ തിക്കിലും തിരക്കിലും പെട്ട് 35 പേരാണ് മരിച്ചത്. 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുലൈമാനിയുടെ ജന്മനാടായ കെര്‍മനില്‍ നടന്ന വിലാപയാത്രയിലാണ് ദുരന്തം ഉണ്ടായത്.

യുഎസ് വ്യോമാക്രമണത്തിലാണ് ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര്‍ കൊല്ലപ്പെട്ടത്. ഇവര്‍ വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന വിലാപയാത്രയിൽ 10 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തെന്നാണ് ഔദ്യോഗിക കണക്ക്. വിലാപയാത്രയ്ക്കിടെ നടന്ന പ്രാർഥനയിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വിങ്ങിപ്പൊട്ടി.

സമീപകാലത്തൊന്നും ഇറാന്‍ കാണാത്ത വലിയ ജനസഞ്ചയമാണ് ടെഹ്റാനിലേക്ക് ഒഴുകിയെത്തിയത്. സുലൈമാനി ഉള്‍പ്പെടെ വധിക്കപ്പെട്ട ആറുപേരുടെ മൃതദേഹവും വഹിച്ചായിരുന്നു അന്ത്യയാത്ര.അമേരിക്കന്‍ സൈനികരുടെ മരണവാര്‍ത്ത കേള്‍ക്കാന്‍ തയാറായിക്കോളൂ എന്ന് ജനക്കൂട്ടം വിളിച്ചുപറഞ്ഞു. ഖുദ്സ് ഫോഴ്സിന്‍റെ പുതിയ തലവനായി നിയമിതനായ ഇസ്മയില്‍ ഖാനി ഇറാന്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു. ചൊവ്വാഴ്ച സംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നതോടെ വെള്ളിയാഴ്ച ഇറാൻ പ്രഖ്യാപിച്ച ദുഃഖാചരണം സമാപിക്കും.

Top