കാഷ്മീര്‍ വിമതനേതാവ് മിര്‍വൈസ് ഉമറിന് ഉംറ നിര്‍വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി

ന്യൂഡല്‍ഹി: ജമ്മു കാഷ്മീര്‍ വിമതനേതാവ് മിര്‍വൈസ് ഉമര്‍ ഫറൂഖിന് ഉംറ നിര്‍വഹിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.മിര്‍വൈസിനും മാതാവിനും കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ടുകളും സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതിയും നല്‍കി. ഹുറിയത് കോണ്‍ഫറന്‍സ് നേതാവായ മിര്‍വൈസിന് പാസ്‌പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടക്കത്തില്‍ വിസമ്മതിച്ചെങ്കിലും, മാതാവിനെ മക്കയില്‍ കൊണ്ടുപോകണമെന്ന ആവശ്യം അനുവദിക്കുകയായിരുന്നെന്ന് കേന്ദ്രസര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

2013ല്‍ കാലാവധി അവസാനിച്ചെങ്കിലും മിര്‍വൈസിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കിയിരുന്നില്ല. ഇതിനാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മിര്‍വൈസിന് ഇന്ത്യയ്ക്കു പുറത്തേക്കു സഞ്ചരിക്കുന്നതിനു അനുമതിയില്ലായിരുന്നു. എന്നാല്‍ ഇക്കുറി, ഉംറ നിര്‍വഹിക്കുന്നതിനായി മാതാവിനൊപ്പം മക്കയില്‍ പോകണം എന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ മാസം മിര്‍വൈസിനു പാസ്‌പോര്‍ട്ടുകള്‍ കൈമാറിയതായാണു സൂചന.

അതേസമയം, റിപ്പോര്‍ട്ടുകളോടു പ്രതികരിക്കാന്‍ മിര്‍വൈസ് ഇതേവരെ തയാറായിട്ടില്ല. എന്നിരുന്നാലും ഈ വര്‍ഷം മക്കയില്‍ പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2016ല്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഒരു ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മിര്‍വൈസിനു ക്ഷണം ലഭിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ടുകള്‍ പുതുക്കാതിരുന്നതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു.

Top