ചെന്നൈ: വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തി പുലിവാല് പിടിച്ച് നടി കസ്തൂരി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രകടനത്തെ എംജിആറിന്റെ അഭിനയത്തോടുപമിച്ചാണ് കസ്തൂരി പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആവേശത്തിലുള്ള നടി കസ്തൂരിയുടെ ട്വീറ്റാണു വിവാദമായത്.പല്ലാണ്ടു വാഴും എന്ന ചിത്രത്തില്‍ എംജിആര്‍ ലതയെ പ്രേമിക്കുന്നതു പോലെയാണു ചെന്നൈ സൂപ്പര്‍ കിങ്‌സ് പന്തിനെ പ്രേമിക്കുന്നതെന്നായിരുന്നു ട്വീറ്റ്. ഇതിനു പിന്നാലെ നടി ലത കസ്തൂരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. എംജിആറിനെപ്പോലെ മഹാനായ നടനെതിരെ ഇത്തരം മോശം പരാമര്‍ശം നടത്താന്‍ എങ്ങിനെയാണു കസ്തൂരിക്കു ധൈര്യം വന്നതെന്നു ലത ചോദിച്ചു. നാലര പതിറ്റാണ്ടായി താന്‍ സിനിമയിലുണ്ട്. ഇതുവരെ ആരും തന്നെക്കുറിച്ച് ഇത്തരം പരാമര്‍ശം നടത്തിയിട്ടില്ലെന്നു ലത പറഞ്ഞു.
സംഭവത്തിന് പിന്നാലെ നടികര്‍ സംഘം കസ്തൂരിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ഒട്ടേറെ എംജിആര്‍ ആരാധകരും കസ്തൂരിയെ വിമര്‍ശിച്ചു രംഗത്തെത്തി. ഇതിനു പിന്നാലെ നടി ഖേദമറിയിച്ചു തടിയൂരി.