കസ്തൂരിരംഗന്‍ അന്തിമ വിജ്ഞാപനം:കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ അന്തിമ വിജ്ഞാപനം വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഉണ്ടാകൂ എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍. മാറ്റങ്ങളോടെ കരട് വിജ്ഞാപനം ഇറക്കാന്‍ പരിസ്ഥിതി മന്ത്രാലയം നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

കസ്തൂരി രംഗന്‍ ശുപാര്‍ശകളില്‍ മാറ്റം വരുത്താനായി മൂന്ന് തവണ ഇറക്കിയ കരട് വിജ്ഞാപനത്തിന്റെയും കാലാവധി തീര്‍ന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങളോടെയുള്ള നാലാമത്തെ കരട് വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയത്. എന്നാല്‍ 2017ലെ കരട് വിജ്ഞാപനത്തില്‍ മാറ്റം വരുത്താനാകില്ലെന്ന ഹരിത ട്രൈബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടിയിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചു മാത്രമെ കസ്തൂരി രംഗനില്‍ അന്തിമ വിജ്ഞാപനം ഇറക്കൂവെന്ന് പരിസ്ഥിതി മന്ത്രി വ്യക്തമാക്കി.

കേന്ദ്രം കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കാത്തതാണ് കേരളത്തില്‍ പ്രളയത്തിന്റെ ആഘാതം കൂട്ടിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പ് സംസ്ഥാനത്തിന് നല്‍കിയിരുന്നു. ഈ ഘട്ടത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

Top