മലപ്പുറം: കാടാമ്പുഴ ഇരട്ടകൊലപാതക കേസില്‍ പ്രതി വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വര്‍ഷം തടവ് ശിക്ഷയും. പ്രതി 2,75,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
കൊല്ലപ്പെട്ട സ്ത്രീയും കുട്ടിയും താമസിച്ചിരുന്ന വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയതിന് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
യുവതിയുടെ ഏഴു വയസുകാരനായ മകനെ കൊലപ്പെടുത്തിയതിന് തടവും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ജയിലില്‍ കിടക്കേണ്ടി വരും. ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് പത്ത് വര്‍ഷം തടവും പ്രതി അനുഭവിക്കണം.
2017 മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. കാടാമ്പുഴ സ്വദേശി ഉമ്മു സല്‍മയും മകന്‍ ദില്‍ഷാദുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ പത്ത് മാസം ഗര്‍ഭിണിയായിരുന്നു ഉമ്മു സല്‍മ. യുവതിയുമായി അടുപ്പത്തിലായിരുന്ന പ്രതി, സംഭവ ദിവസം വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തുകയായിരുന്നു.