കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നു വ്യക്തമാക്കിയ കോടതി യുഎപിഎ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും പറഞ്ഞു.
ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ജയരാജനൊഴികെ ആര്‍ക്കും മനോജിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.
സി.ബി.ഐയുടെ വാദങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കോടതി അംഗീകരിച്ചു. രാഷ്ട്രീയപരമായി പി.ജയരാജന്റെ ആവശ്യം മാത്രമാണ് മനോജിന്റെ കൊലപാതകം. സാധാരണക്കാരാനായാലും എത്ര ഉന്നതനായാലും ശരി നിയമം എല്ലാവര്‍ക്കും തുല്യമാണ്. നാടനാണെങ്കിലും ഫാക്ടറിയില്‍ നിര്‍മിച്ചതാണെങ്കിലും ബോംബ് ബോംബ് തന്നെയാണെന്നും കോടതി പറഞ്ഞു.
ജയരാജന്‍ വികലാംഗനാണെന്നും ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ കോടതി അംഗീകരിച്ചില്ല.
നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ജയരാജന്‍ ഹൈകോടതിയെ സമീപിച്ചത്.
കതിരൂര്‍ മനോജിന്റെ വധത്തിന്റെ ബുദ്ധികേന്ദ്രം പി. ജയരാജനാണെന്ന് സി.ബി.ഐ ഇന്നലെ കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ മാത്രമല്ല മറ്റു പല മൃഗീയ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ജയരാജനുണ്ട്. നിയമത്തെ മറികടക്കാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. കേസിന്റെ തുടരന്വേഷണത്തിന് ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കേസ് ഡയറി സമര്‍പ്പിക്കാന്‍ വൈകിയ സി.ബി.ഐ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതുവരെ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തത് തികഞ്ഞ അലംഭാവമാണെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് വൈകുന്നേരത്തോടെ രേഖകള്‍ സി.ബി.ഐ ഹൈകോടതിക്ക് കൈമാറുകയായിരുന്നു.
കേസില്‍ ആദ്യഘട്ടത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചപോഴും ജയരാജന് ഇതില്‍ പങ്കളുതായി സി.ബി.ഐയുടെ പക്കല്‍ തെളിവുകളുണ്ടായിരുന്നില്ലെന്നും തുടര്‍ന്നുള്ള ഘട്ടങ്ങളിലും ജയരാജനെ കേസില്‍ പ്രതിചേര്‍ത്തിരുന്നില്ലെന്നും ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പെട്ടെന്നാണ് ജയരാജനെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ജയരാജനെതിരെ യു.എ.പി.എ ചുമത്തിയതും ചോദ്യം ചെയ്യപ്പെട്ടു.
നേരത്തെ മൂന്നു തവണ തലശ്ശേരി സെഷന്‍സ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്.