തലശേരി: മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു.തലശേരി സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
9, 10,11 തീയതികളിലാണ് ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്യുക. രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് ആറു വരെ മാത്രമെ ചോദ്യം ചെയ്യാന്‍ പാടുള്ളു. ജയിലിലോ ആശുപത്രിയിലോ വച്ച് ചോദ്യം ചെയ്യാം. ജയരാജന്റ ആരോഗ്യനില സംബന്ധിച്ച് ശ്രദ്ധ വേണമെന്നും സി.ബി.ഐയോട് കോടതി നിര്‍ദ്ദേശിച്ചു. മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് സി.ബി.ഐ അപേക്ഷ നല്‍കിയത്.
നേരത്തെ സിബിഐയുടെ ആവശ്യത്തിന്‍മേല്‍ കോടതിയില്‍ വിസ്താരം നടന്നെങ്കിലും വിവിധ രോഗങ്ങളുള്ള ജയരാജന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭിക്കണമെന്നതിനാല്‍ അപേക്ഷയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് നീളുകയായിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നു കോടതിയില്‍ കീഴടങ്ങിയ ജയരാജനെ അദ്ദേഹത്തിന്റെ ശാരീരികാവസ്ഥ പരിഗണിച്ച് ആദ്യം പരിയാരം മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ഇവിടങ്ങളിലെയെല്ലാം പരിശോധനാ റിപ്പോര്‍ട്ട് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കി. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ നടത്തിയ വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ടും കോടതിക്കു ലഭിച്ചു. ജയരാജനു ഗൗരവതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണു പരിശോധന നടത്തിയ കേന്ദ്രങ്ങളില്‍ നിന്നെല്ലാമുള്ള റിപ്പോര്‍ട്ട്.
എന്നാല്‍ നാല് ആന്‍ജിയോപ്ലാസ്റ്റി നടത്തുകയും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് അംഗവൈകല്യം സംഭവിക്കുകയും ചെയ്തുവെന്നതു ചൂണ്ടിക്കാട്ടി പ്രതിഭാഗം കസ്റ്റഡിയില്‍ നല്‍കുന്നതിനെ എതിര്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ മുന്‍പാകെ വിശദമായ വാദം നടത്തി ഇന്നത്തേക്കു മാറ്റുകയായിരുന്നു. ജയരാജന്റെ റിമാന്‍ഡ് കാലാവധി 11 നാണ് അവസാനിക്കുക.